in

താനും പൃഥ്വിയും തമ്മിൽ പ്രശ്നത്തിലല്ല, അമർ അക്ബർ അന്തോണി വിവാദത്തിൽ ശക്തമായി പ്രതികരിച്ച് ആസിഫ് അലി…

താനും പൃഥ്വിയും തമ്മിൽ പ്രശ്നത്തിലല്ല, അമർ അക്ബർ അന്തോണി വിവാദത്തിൽ ശക്തമായി പ്രതികരിച്ച് ആസിഫ് അലി…

നാദിർഷ എന്ന സംവിധായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. 2015 ഇൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരാണ് വേഷമിട്ടത്. അതിഥി വേഷത്തിൽ ആസിഫ് അലിയും അഭിനയിച്ച ഈ ചിത്രം രചിച്ചത് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീമാണ്.

ഈയടുത്തിടെയാണ് അമർ അക്ബർ അന്തോണിക്ക് ഒരു രണ്ടാം ഭാഗം ആലോചനയിൽ ഉണ്ടെന്ന് സംവിധായകൻ നാദിർഷ വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയുടെ പ്രമോഷൻ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് നാദിർഷ ഇത് പറഞ്ഞത്. എന്നാൽ ഇതിനൊപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം വലിയ വിവാദമായി മാറുകയും ചെയ്തു. ആദ്യം അമർ അക്ബർ അന്തോണിയിലെ ഒരു നായകനായി തീരുമാനിച്ചത് ആസിഫ് അലിയെ ആയിരുന്നുവെന്നും ആസിഫ് ആ വേഷം ചെയ്യാൻ സമ്മതിച്ചിരുന്നുവെന്നും നാദിർഷ പറഞ്ഞു.

എന്നാൽ പിന്നീട് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലെത്തിയപ്പോൾ, അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് ഇതിലെ മൂന്ന് നായകന്മാരായി ക്ലാസ്സ്‌മേറ്റ്സിലെ ഹിറ്റ് ടീമായ ജയസൂര്യയും ഇന്ദ്രജിത്തും കൂടെ വന്നതെന്നും നാദിർഷ വെളിപ്പെടുത്തി. ഇതറിഞ്ഞപ്പോൾ സന്തോഷത്തോടെ തന്റെ നായക വേഷത്തിൽ നിന്നും പിന്മാറിയ ആസിഫ് അലി, ചിത്രത്തിൽ അതിഥി താരമായി എത്തുകയും ചെയ്തു. ആസിഫിന്റെ ആ നന്മ മറക്കാൻ സാധിക്കില്ലെന്നും അത്കൊണ്ട് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നായകനിരയിൽ ആസിഫും ഉണ്ടാകുമെന്നും നാദിർഷ പറഞ്ഞു.

എന്നാൽ ഇതോടെ ആസിഫ് അലിയും പൃഥ്വിരാജ് സുകുമാരനും തമ്മിൽ പ്രശ്നത്തിലാണ്, പൃഥ്വിരാജ് ആണ് ആസിഫിനെ ഒഴിവാക്കിയത് എന്ന തരത്തിലുള്ള വാർത്തകൾ പരക്കുകയും അത് വിവാദമായി മാറുകയും ചെയ്തു. എന്നാൽ തലവൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ഇതിനെ കുറിച്ച് ആസിഫ് തന്നെ മനസ്സ് തുറന്നു.

താനും പൃഥ്വിരാജ് സുകുമാരനും തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നും, അദ്ദേഹത്തിന്റെ ആ നിർദേശം കൃത്യമായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. ഇന്ദ്രജിത്, ജയസൂര്യ എന്നിവർ പൃഥ്വിരാജ് സുകുമാരനൊപ്പം വന്നത് കൊണ്ടാണ് അതിലെ കഥാപാത്രങ്ങളുടെ സൗഹൃദം കൃത്യമായി പ്രേക്ഷകരുമായി കണക്ട് ആയതെന്നും, താൻ ആയിരുന്നു എങ്കിൽ കൂട്ടുകാരൻ എന്നതിലുപരി പൃഥ്വിരാജ് കഥാപാത്രത്തിന്റെ അനിയൻ എന്ന തരത്തിലുള്ള ഒരു ഫീൽ മാത്രമേ കിട്ടുമായിരുന്നുള്ളു എന്നും ആസിഫ് പറയുന്നു. തന്നെ സിനിമയിൽ നിന്ന് മാറ്റണം എന്നല്ല പൃഥ്വിരാജ് പറഞ്ഞതെന്നും ആ കഥാപാത്രങ്ങൾ തമ്മിലുള്ള രസതന്ത്രം കൃത്യമാകാനുള്ള ഒരു അഭിപ്രായം മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ആസിഫ് വിശദീകരിച്ചു.

മോൺസ്റ്ററിന്റെ ക്ഷീണം മാറ്റാൻ പുലിമുരുകനേക്കാൾ വലിയ ആക്ഷൻ ചിത്രം, പുതിയ മോഹൻലാൽ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി വൈശാഖ്…

സൂര്യ – കാർത്തിക് സുബ്ബരാജ് ചിത്രം ആരംഭിച്ചു; 1 മിനിറ്റ് ദൈർഘ്യമുള്ള ആദ്യ ഷോട്ട് പുറത്ത്…