“പ്രേക്ഷകരുടെ മനസിലാണ് സിനിമ വിജയിക്കുന്നത് എന്നതിൻ്റെ തെളിവാണ് ദേവദൂതൻ”: നടൻ വിനീത്
മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘ദേവദൂതൻ’ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. 2000 ത്തിൽ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലർ ചിത്രം 24 വർഷങ്ങൾക്ക് ശേഷം ഫോർ കെ അറ്റ്മോസ് വെർഷൻ ആയാണ് റീ-റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടക്കുകയും ജൂലൈ 26 ന് റിലീസ് പ്രഖ്യാപിക്കുകയും ചെയ്തു.
വമ്പൻ സ്വീകരണമാണ് ദേവദൂതന്റെ ട്രെയിലറിന് ലഭിക്കുന്നത്. ഈ ചിത്രം വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ എന്ന് സമൂഹ മാധ്യമങ്ങളിൽ സിനിമ പ്രേമികൾ അഭിപ്രായപ്പെടുന്നു. മുൻപ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രം റീ – റിലീസ് ചെയ്യുന്നതിൻ്റെ കൗതുകവും ചില പ്രേക്ഷകർ എങ്കിലും പങ്കുവെക്കുന്നും ഉണ്ട്. ഈ ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ വേഷം ചെയ്ത വിനീത് ട്രെയിലർ ലോഞ്ചിൽ പറഞ്ഞ ചില വാക്കുകൾ അതുകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധയും നേടുകയാണ്. പ്രേക്ഷകരുടെ മനസിലാണ് സിനിമ വിജയിക്കുന്നത് എന്നതിൻ്റെ തെളിവാണ് ദേവദൂതൻ എന്ന് ആണ് വിനീത് പറഞ്ഞത്.
വിനീതിൻ്റെ വാക്കുകൾ ഇങ്ങനെ: “തിയേറ്ററിൽ ആദ്യം ഇറക്കിയപ്പോൾ സാമ്പത്തികമായി വിജയിക്കാതെ പോയ ഒരു സിനിമയുടെ റീ റിലീസ് ഒരുപക്ഷേ ആദ്യമായിട്ട് ആയിരിക്കാം. സിനിമയുടെ വിജയം എപ്പോഴും സാമ്പത്തികമായിട്ട് തന്നെ ആയിരിക്കണമെന്നില്ല എന്നതിന് തെളിവാണ് ദേവദൂതൻ. കാരണം അത് പ്രേക്ഷകരുടെ മനസ്സിലാണ് വിജയിക്കുന്നത്.”
രഘുനാഥ് പാലേരി രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം പിന്നീട് മിനി സ്‌ക്രീനിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് മിസ്റ്ററി ത്രില്ലറുകളിലൊന്നായി മാറുകയായിരുന്നു. വിദ്യാസാഗർ ഈണമിട്ട ഇതിലെ ഗാനങ്ങളെല്ലാം തന്നെ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളായി മാറുകയും ചെയ്തു. കോക്കേഴ്സ് ഫിലിമ്സിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ജയപ്രദ, വിജയലക്ഷ്മി, വിനീത് കുമാർ, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, ജഗദീഷ്, മുരളി തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.
മോഹൻലാൽ വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനായി വേഷമിട്ട ഈ ചിത്രം, ദൃശ്യങ്ങൾ കൊംണ്ടും സംഗീതം കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ച സിനിമാനുഭവമായിരുന്നു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഈ ദൃശ്യ വിസ്മയം വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ, വമ്പൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.