in , ,

“ഈ വയസ്സൻ സേനാപതി എങ്ങനെ ഫൈറ്റ് ചെയ്യും”; ഉത്തരവുമായി ‘ഇന്ത്യൻ 2’ സ്പെഷ്യൽ ടീസർ…

“ഈ വയസ്സൻ സേനാപതി എങ്ങനെ ഫൈറ്റ് ചെയ്യും”; ഉത്തരവുമായി ‘ഇന്ത്യൻ 2’ സ്പെഷ്യൽ ടീസർ…

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 ഈ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓൺലൈൻ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാത്രി ഏഴു മണി മുതൽ ആരംഭിക്കും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇന്ന് പുറത്തു വിട്ട ഒരു സ്പെഷ്യൽ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

ഇന്ത്യൻ 2 ട്രെയിലർ വന്നപ്പോൾ മുതൽ ചർച്ചയായ ഒന്നാണ് ഇതിലെ കമൽഹാസന്റെ കഥാപാത്രമായ സേനാപതിയുടെ പ്രായവും, ഈ പ്രായത്തിലെങ്ങനെ ട്രെയിലറിൽ കണ്ട വമ്പൻ സംഘട്ടന രംഗങ്ങൾ ആ കഥാപാത്രം ചെയ്യും എന്നതും. അതിനുള്ള ഉത്തരവുമായാണ് ഇന്നത്തെ സ്പെഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ബോബി സിംഹ അവതരിപ്പിക്കുന്ന കഥാപാത്രം, സേനാപതിക്ക് എങ്ങനെ ഈ പ്രായത്തിലും യുവാക്കളെ വെല്ലുന്ന ശാരീരിക മികവോടെ സംഘട്ടനം ചെയ്യാൻ സാധിക്കും എന്ന് പറയുന്നതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.

കരാട്ടെ, കുങ്ഫു പോലത്തെ അതിപുരാതനമായ പാരമ്പര്യമുള്ള മർമ്മ കലയാണ് സേനാപതി തന്റെ ജീവിതം മുഴുവൻ പരിശീലിച്ചു പോരുന്നതെന്നും, അതിന് അനുസൃതമായ ജീവിതശൈലി അയാൾ പിന്തുടർന്ന് പോരുന്നതിന്റെ ഗുണം കൊണ്ട് ഏത് പ്രായത്തിലും ഒരു പുലിയുടെ വേഗതയിലും ജാഗ്രതയിലും ശരീരം ചലിപ്പിക്കാൻ സേനാപതിക്ക്‌ സാധിക്കുമെന്നും ബോബി സിംഹയുടെ കഥാപാത്രം വിശദീകരിക്കുന്നു. 118- ആം വയസ്സിലും കുങ്ഫു പരിശീലിക്കുന്ന ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഉദാഹരണവും ഈ കഥാപാത്രം നൽകുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവി വർമ്മനും എഡിറ്റിംഗ് നിർവഹിച്ചത് ശ്രീകാർ പ്രസാദുമാണ്.

“നമ്മൾ ആഗ്രഹിച്ചു, അദ്ദേഹം നമുക്കായി വരുന്നു”; ‘ദേവദൂതന്‍’ റീ റിലീസ് ജൂലൈ 26ന്, പുതിയ ട്രെയിലർ ട്രെൻഡിങ്…

“പ്രേക്ഷകരുടെ മനസിലാണ് സിനിമ വിജയിക്കുന്നത് എന്നതിൻ്റെ തെളിവാണ് ദേവദൂതൻ”: നടൻ വിനീത്