അവസാന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ; വിജയ് ചിത്രം ‘ദളപതി 69’ പ്രഖ്യാപിച്ചു
ദളപതി വിജയ് നായകനായി അഭിനയിക്കാൻ പോകുന്ന അവസാന ചിത്രമായ ‘ദളപതി 69’ പ്രഖ്യാപിച്ചു. കെ വി എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ എച്ച് വിനോദ് ആണ്. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് എച്ച് വിനോദ്.
വെങ്കട് കെ നാരായണ, ജഗദിഷ് പളനിസാമി, ലോഹിത എൻ കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 2025 ഒക്ടോബറിൽ റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്നുള്ള സൂചനയാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ തരുന്നത്. ജനാധിപത്യത്തിന് വഴികാട്ടിയായി വിജയ് കഥാപാത്രം സ്‌ക്രീനിലെത്തുമെന്നുള്ള സൂചനയാണ് പോസ്റ്ററിലെ വാക്യങ്ങൾ തരുന്നത്.
We are beyond proud & excited to announce that our first Tamil film is #Thalapathy69, directed by the visionary #HVinoth, with music by the sensational Rockstar @anirudhofficial 🔥
Super happy to collaborate with the one and only #Thalapathy @actorvijay ♥️
The torch bearer of… pic.twitter.com/Q2lEq7Lhfa— KVN Productions (@KvnProductions) September 14, 2024
രാഷ്ട്രീയ പ്രവേശത്തോടെ സിനിമാ രംഗം വിടാനൊരുങ്ങുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമായിരിക്കും ഇതെന്നത് കൊണ്ട് തന്നെ, ചിത്രത്തിന്റെ പ്രഖ്യാപനത്തിനു മുൻപായി ഈ വിജയ് ചിത്രത്തെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ പങ്ക് വെക്കുന്ന ഒരു വീഡിയോ കൂടി കെ വി എൻ പ്രൊഡക്ഷൻസ് പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി, സിമ്രാൻ, സാമന്ത, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരുടെ പേരുകൾ ഇതിന്റെ താരനിരയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.