in ,

‘ടർബോ’ ഫൈറ്റിനിടെ തെറിച്ചു വീണ് മമ്മൂട്ടി, ഓടിയെത്തി ക്രൂ; ഞെട്ടിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്…

‘ടർബോ’ ഫൈറ്റിനിടെ തെറിച്ചു വീണ് മമ്മൂട്ടി, ഓടിയെത്തി ക്രൂ; ഞെട്ടിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്…

റിലീസ് ചെയ്ത് ആദ്യ പതിനൊന്ന് ദിവസം കൊണ്ട് 64 കോടി രൂപ ആഗോള ഗ്രോസ് നേടി കുതിക്കുകയാണ് മമ്മൂട്ടി ചിത്രം ‘ടർബോ’. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായിക്കഴിഞ്ഞു. 85 കോടി ഗ്രോസ് നേടിയ ഭീഷ്മ പർവ്വം, 82 കോടി ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങൾ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗംഭീര സംഘട്ടന രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിലെ പോലീസ് സ്റ്റേഷൻ ഫൈറ്റ്, കാർ ചെയ്‌സ് എന്നിവയുടെ ബിഹൈൻഡ് ദ സീൻസ് വീഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് മേക്കിങ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

ഡ്യൂപ് ഇടാതെയാണ് മമ്മൂട്ടി ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ചില അപകടങ്ങളും അതിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ചിരുന്നു. ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ, കൂടെ സംഘട്ടനം ചെയ്ത ആളുടെ ടൈമിംഗ് തെറ്റിയപ്പോൾ മമ്മൂട്ടി തെറിച്ചു വീഴുന്നതും, മേശയിൽ തലയിടിച്ച് ഉണ്ടാകാമായിരുന്ന വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

മമ്മുക്ക നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി സംവിധായകൻ മഹേഷ് നാരായണൻ, അതോടൊപ്പം ആ ചിത്രത്തിൽ അഭിനയിക്കുകയും അത് നിർമ്മിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്യുന്ന നടൻ ഫഹദ് ഫാസിൽ എന്നിവർ ടർബോ ക്ലൈമാക്സ് ഷൂട്ടിനിടയിൽ സെറ്റ് സന്ദർശിച്ചതും മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും. മിഥുൻ മാനുവൽ തോമസ് രചിച്ച ഈ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. അറുപത് കോടിയോളം രൂപ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് ഇത് ബ്ലോക്ക്ബസ്റ്റർ കാലം; ഈ മൂന്ന് ചിത്രങ്ങളും കൂടി നേടിയത് 400 കോടി…

മമ്മൂട്ടി കമ്പനി ചിത്രത്തിൽ സുരേഷ് ഗോപി; പുതിയ പ്രൊജക്റ്റ് വെളിപ്പെടുത്തി ആക്ഷൻ സൂപ്പർസ്റ്റാർ…