in

മമ്മൂട്ടി കമ്പനി ചിത്രത്തിൽ സുരേഷ് ഗോപി; പുതിയ പ്രൊജക്റ്റ് വെളിപ്പെടുത്തി ആക്ഷൻ സൂപ്പർസ്റ്റാർ…

മമ്മൂട്ടി കമ്പനി ചിത്രത്തിൽ സുരേഷ് ഗോപി; പുതിയ പ്രൊജക്റ്റ് വെളിപ്പെടുത്തി ആക്ഷൻ സൂപ്പർസ്റ്റാർ…

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇന്നലെയാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് അംഗം എന്ന നിലയിൽ തന്റെ ജോലികൾ കൃത്യമായി ചെയ്യുന്നതിനൊപ്പം സിനിമയിലും തുടർന്നും അഭിനയിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സുരേഷ് ഗോപി തന്റെ മനസ്സ് തുറന്നത്.

വരാനിരിക്കുന്ന പ്രൊജെക്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ജോലികൾ ഏതാനും ദിവസങ്ങൾക്കു മുൻപ് ആരംഭിച്ചു എന്നാണ് തന്നെ അറിയിച്ചതെന്നും സുരേഷ് ഗോപി പറയുന്നു. ഈ പ്രൊജക്റ്റ് തന്നെ കോരിത്തരിപ്പിക്കുന്ന ഒന്നാണെന്നും സുരേഷ് ഗോപി പറയുന്നു.

ഇത് കൂടാതെ പ്രേക്ഷകർ ഏറെനാളായി കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവും അതുപോലെ ഗോകുലം മൂവീസ് നിർമ്മിക്കുന്ന മൂന്ന് ചിത്രങ്ങളും താൻ ചെയ്യാൻ പോകുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പെരുങ്കളിയാട്ടം, വരാഹം എന്നീ ചിത്രങ്ങളും സുരേഷ് ഗോപി വേഷമിട്ട് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങളാണ്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ വേഷമിടുന്ന ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷമാണ് സുരേഷ് ഗോപിയും അവതരിപ്പിക്കുക എന്നാണ് സൂചന.

മമ്മൂട്ടി കമ്പനിയോടൊപ്പം ഫഹദ് ഫാസിലും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുകയെന്നും, പൂർണമായും യൂറോപ്പിൽ ഷൂട്ട് ചെയ്യുന്ന ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായിരിക്കുമിതെന്നും നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതേസമയം, ജനപ്രതിനിധി എന്ന വലിയ ചുമതലക്കൊപ്പം വെള്ളിത്തിരയിലും തന്റെ സാന്നിധ്യം ഒട്ടും കുറയാതെ തന്നെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി.

‘ടർബോ’ ഫൈറ്റിനിടെ തെറിച്ചു വീണ് മമ്മൂട്ടി, ഓടിയെത്തി ക്രൂ; ഞെട്ടിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്…

വിസ്മയ കാഴ്ചകളുമായി ചരിത്രം രചിക്കാൻ പ്രഭാസിന്റെ ‘കൽക്കി 2898AD’; ട്രെയിലർ ജൂൺ 10ന്…