ടോവിനോ തോമസ്: 2017ൽ മോളിവുഡിന്‍റെ ഗോദയിൽ ഒരു പുതു താരോദയം!
2017 എന്ന വർഷം മലയാള സിനിമാ പ്രേമികൾക്കും മലയാള സിനിമക്കും സമ്മാനിച്ച താരമാണ് ടോവിനോ തോമസ്. വളരെ വേഗമാണ് യുവാക്കൾക്കിടയിൽ ടോവിനോ തോമസ് ശ്കതമായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു എടുത്തത്. കഴിഞ്ഞ വർഷം നാല് ചിത്രങ്ങളിൽ നായകനായും ഒരു ചിത്രത്തിൽ സഹനടനായും എത്തിയ ടോവിനോ ഒന്നൊഴികെ ബാക്കി എല്ലാം വിജയം ആക്കിയിട്ടുണ്ട് എന്നത് ഈ നടന്റെ വർധിച്ചു വരുന്ന താരമൂല്യത്തെ സൂചിപ്പിക്കുന്നു.
പൃഥ്വിരാജ് നായകനായ ബ്ലോക്ക്ബസ്റ്റർ ഹൊറർ ചിത്രം ഇസ്‌റായിൽ സഹനടനായി എത്തിയാണ് ടോവിനോ തോമസ് കഴിഞ്ഞ വർഷം തുടങ്ങിയത്. ടോവിനോ നായകനായി എത്തിയ കഴിഞ്ഞ വർഷത്തെ ആദ്യ ചിത്രം നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപാരത ആയിരുന്നു. ബോക്സ്ഓഫിസിൽ വമ്പൻ ഇനിഷ്യൽ നേടിയ ഈ ചിത്രം 2017 ലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ വളരെ എളുപ്പം തന്നെ സ്ഥാനം പിടിച്ചു.
ടോവിനോ തോമസ് നായകനായി എത്തിയ കഴിഞ്ഞ വർഷത്തെ രണ്ടാമത്തെ വിജയചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ ആയിരുന്നു. ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ കോമഡി ചിത്രവും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടി എടുത്തു. 2017 മെയ് മാസത്തിൽ ആണ് ഗോദ റിലീസ് ചെയ്തത്.
അതിനു ശേഷം വന്ന ടോവിനോ തോമസ് ചിത്രം ആയിരുന്നു നവാഗതനായ ഡൊമിനിക് അരുൺ ഒരുക്കിയ തരംഗം. ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ തരംഗം, ദിലീപ് ചിത്രമായ രാമലീല ഉണ്ടാക്കിയ ഓളത്തിൽ പെട്ട് ബോക്സ്ഓഫീസിൽ ശ്രദ്ധ നേടാതെ പോയി എന്ന് പറയാം.
2017 അവസാനിച്ചപ്പോൾ ആഷിക് അബു ഒരുക്കിയ മായാനദി എന്ന ചിത്രത്തിലൂടെ ടോവിനോ തോമസ് തന്റെ പ്രതിഭ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടുന്ന ഈ ചിത്രം ബോക്സ് ഓഫീസിലും ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്.
ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും ഗംഭീര പ്രകടനം നടത്തിയ ടോവിനോ തോമസ് ആണ് കഴിഞ്ഞ വർഷത്തിന്റെ മലയാള സിനിമക്കുള്ള സമ്മാനം എന്ന് സംശയമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും.