കേരളാ ബോക്സ്ഓഫീസ് ഉണരുന്നു: ഈ ആഴ്ച ആറോളം ചിത്രങ്ങൾ റിലീസിന്
രണ്ടു മാസത്തെ ആലസ്യത്തിന് ശേഷം കേരളാ ബോക്സ് ഓഫീസ് തീ പാറുന്ന പോരാട്ടങ്ങൾക്കായി ഉണർന്നെഴുനേൽക്കാൻ പോവുകയാണ്. ആറോളം ചിത്രങ്ങൾ ആണ് അടുത്തടുത്ത ദിവസങ്ങളിലായി മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടാൻ എത്തുന്നത്. ഇതിൽ ആദ്യം എത്തുന്നത് ക്രിസ്മസ് റിലീസുകള്‍ക്കിടയിലെ വമ്പൻ ചിത്രമായ മമ്മൂട്ടിയുടെ മാസ്റ്റർപീസ് ആണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രം പതിനഞ്ച് കോടിക്ക് മുകളിൽ ചെലവിട്ട് സി എച് മുഹമ്മദ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഉദയ കൃഷ്ണയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
പിന്നീട് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായ വിമാനം. നവാഗതനായ പ്രദീപ് എം നായർ ഒരുക്കിയ ഈ ചിത്രം ഒരു ക്ലാസ് എന്റെർറ്റൈനെർ എന്ന നിലയിലാവും ശ്രദ്ധ നേടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ് ചിത്രങ്ങൾ ഉണ്ടെങ്കിലും ഈ സീസണിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നത് ഒരു ജയസൂര്യ ചിത്രത്തിനാണ്. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 2 എന്ന ചിത്രമാണത്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ആട് 2 ഇപ്പോൾ തന്നെ പ്രേക്ഷകരുടെ ഇടയിൽ സംസാര വിഷയമായി മാറി കഴിഞ്ഞു.
ഇവർക്കൊപ്പം യുവ താരങ്ങൾ ആയ ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും എത്തുന്നുണ്ട്. ആഷിക് അബു ഒരുക്കിയ മായാനദിയും ആയി ടോവിനോ വരുമ്പോൾ നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ആന അലറലോടലറൽ എന്ന ചിത്രവുമായി ആണ് വിനീത് ശ്രീനിവാസൻ എത്തുന്നത്. മായാനദി ഒരു റിയലിസ്റ്റിക് റൊമാന്റിക് മൂവി ആണെങ്കിൽ ആന അലറലോടലറൽ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ്.
ഫഹദ് ഫാസിൽ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായ വേലയ്‌ക്കാരനും സൽമാൻ ഖാൻ നായകനായ ടൈഗർ സിന്ദാ ഹൈ എന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രവും ക്രിസ്മസ് റിലീസ് ആയി ഇവിടെ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ ശിവകാർത്തികേയൻ ആണ് നായകൻ. നയൻതാര നായിക ആയെത്തുന്ന ഈ ചിത്രം ഒരുക്കിയത് മോഹൻ രാജയാണ്.