രജിനികാന്തിന്‍റെ എന്തിരന്‍ 2 ടീസര്‍ ജനുവരി ആറിന് പുറത്തിറങ്ങും!
സൂപ്പർസ്റ്റാര്‍ രജനികാന്തിന്‍റെ ചിത്രങ്ങൾക്കായി ആരാധകർ എപ്പോഴും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറ്. വമ്പൻ ചിത്രങ്ങളുടെ മാത്രം ഭാഗം ആകുന്നതിനാൽ വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ ഒരു ചിത്രമോ എന്ന കണക്കിലാണ് രജനികാന്ത് ചിത്രങ്ങൾ തീയേറ്ററുകളിൽ എത്താറ്. എന്നാൽ ഈ വർഷം രജനികാന്ത് ആരാധകർക്ക് ഉത്സവത്തിന്‍റെ വർഷമാണ്. കാരണം സൂപ്പർ സ്റ്റാർ നായകനായി എത്തുന്ന രണ്ടു വമ്പൻ ചിത്രങ്ങൾ ആണ് ഈ വർഷം എത്തുന്നത്.
ശങ്കർ ചിത്രമായ എന്തിരൻ 2, പാ രഞ്ജിത് ചിത്രമായ കാല എന്നിവയാണ് ആ ചിത്രങ്ങൾ. കഴിഞ്ഞ വർഷം റിലീസ് പ്രഖ്യാപിച്ചു ഷൂട്ടിംഗ് തുടങ്ങിയ എന്തിരൻ 2 റിലീസ് ഈ വർഷത്തേക്ക് മാറ്റിയതോടെയാണ് ഒരു വർഷം തന്നെ രണ്ടു രജനികാന്ത് ചിത്രങ്ങൾ എന്ന അപൂർവത ആരാധകരെ തേടി എത്തിയത്. ഇതിൽ ഏവരും കാത്തിരിക്കുന്ന എന്തിരൻ 2 ന്‍റെ ആദ്യ ടീസർ ജനുവരി ആറിന് റിലീസ് ചെയ്യും.
എന്തിരൻ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രം ആയാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിൽ ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കബലിക്കു ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന കാല ഈ വർഷം ഓഗസ്റ്റ് മാസത്തിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ധനുഷ് നിർമ്മിക്കുന്ന കാലയുടെ ഡബ്ബിങ് ആരംഭിച്ചു കഴിഞ്ഞതായി ആണ് വാർത്തകൾ വരുന്നത്. ചെന്നൈയിൽ ആണ് ഈ ചിത്രത്തിന്‍റെ ഡബ്ബിങ് ഇപ്പോൾ നടക്കുന്നത്.
നാനാ പടേക്കർ, ഹുമ ഖുറേഷി, ഈശ്വരി റാവു, സാക്ഷി അഗർവാൾ, സമുദ്രകനി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഈ അടുത്തിടെയാണ് കാലയുടെ ചിത്രീകരണം അവസാനിച്ചത്. ഒരു അധോലോക നായകനെയാണ് രജനികാന്ത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധനുഷ് ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും രണ്ടു വമ്പൻ രജനികാന്ത് ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.