മലയാളത്തിന് പുതിയ ഇൻഡസ്ട്രി ഹിറ്റ്; 2018 നെ മറികടന്ന് മോഹൻലാലിന്റെ
‘തുടരും’

മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി മോഹൻലാൽ നായകനായ “തുടരും”. റിലീസ് ചെയ്ത് പതിനാറു ദിവസം കൊണ്ട് 90 കോടിയോളം കേരളാ ഗ്രോസ് നേടിയാണ് ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയത്. 89 കോടി രൂപ കേരളാ ഗ്രോസ് നേടിയ 2018 എന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ റെക്കോർഡ് ആണ് “തുടരും” മറികടന്നത്. ഏറ്റവും വേഗത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആവുന്ന മലയാള ചിത്രം എന്ന റെക്കോർഡ് പുലിമുരുകനുമായി പങ്കു വെക്കുകയാണ് ഇപ്പോൾ “തുടരും”.
ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസറും ഏറ്റവും വലിയ കേരളാ ഗ്രോസറും ഒരിക്കൽ കൂടി മോഹൻലാൽ തന്റെ പേരിലാക്കി. പൃഥ്വിരാജ് ഒരുക്കിയ മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് മലയാളത്തിലെ ഏറ്റവും വലിയ ഗോള ഗ്രോസ്സർ. 265 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. ഇപ്പോൾ 200 കോടി ആഗോള ഗ്രോസിലേക്കാണ് “തുടരും” കുതിക്കുന്നത്. പതിനാറു ദിവസങ്ങൾ പൂർത്തിയാവുമ്പോൾ “തുടരും” നേടിയ ആഗോള ഗ്രോസ് ഏകദേശം 193 കോടിക്ക് മുകളിലാണ്.
കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതിയും വൈകാതെ “തുടരും നേടും”. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ കേരളാ ഗ്രോസ് നൂറു കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പത്ത് മില്യൺ ഡോളറിനു മുകളിൽ ഓവർസീസ് ഗ്രോസ് നേടിയ രണ്ടാമത്തെ മലയാള ചിത്രമായും “തുടരും” മാറിയിട്ടുണ്ട്. 19 മില്യണിൽ കൂടുതൽ വിദേശ ഗ്രോസ് നേടിയ എമ്പുരാൻ ആണ് ഈ ലിസ്റ്റിൽ ഒന്നാമത്.
144 കോടി രൂപക്ക് മുകളിലാണ് എമ്പുരാൻ നേടിയ വിദേശ ഗ്രോസ് എങ്കിൽ 85 കോടി രൂപക്ക് മുകളിലാണ് “തുടരും” നേടിയ വിദേശ ഗ്രോസ്. നൂറു കോടി ക്ലബിലെത്തിയ നാലാമത്തെ മോഹൻലാൽ ചിത്രമാണിത്. വൈകാതെ 200 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രവും ഒന്നാമത്തെ മലയാള ചിത്രവുമായും “തുടരും” മാറും. ഏറ്റവും വലിയ കേരളാ ഗ്രോസ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ മൂന്നും ഇതോടെ മോഹൻലാൽ ചിത്രങ്ങളായി മാറിയിട്ടുണ്ട്. തുടരും (90 കോടി*), 2018 (89.15 കോടി), എമ്പുരാൻ (86 കോടി), പുലിമുരുകൻ (85 കോടി), ആട് ജീവിതം (79 കോടി) എന്നിവയാണ് ആ അഞ്ച് ചിത്രങ്ങൾ.