മോഹന്ലാലിന് വേണ്ടി സംവിധായകരായ ദിലീഷ് പോത്തനും ശ്യാമപ്രസാദും രഞ്ജിത്തും ഒന്നിക്കുന്നു!
കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രത്തിൽ മലയാളത്തിലെ മൂന്ന് പ്രശസ്ത സംവിധായകരാണ് ജോലി ചെയ്യാൻ പോകുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ആണെങ്കിൽ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം നിർണ്ണായക വേഷങ്ങളിൽ എത്തുന്നത് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായക പ്രതിഭകളിൽ രണ്ടു പേരായ ദിലീഷ് പോത്തനും ശ്യാമ പ്രസാദുമാണ്.
വരും ദിവസങ്ങളിൽ ലണ്ടനിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. രഞ്ജിത് തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ടിനി ടോം, ബൈജു, കോട്ടയം നസീർ, കലാഭവൻ ഷാജോൺ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. സുബൈർ എൻ പി, എം കെ നാസർ എന്നിവർ ചേർന്ന് വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് മോഹൻലാൽ മുപ്പത് ദിവസമാണ് നൽകിയിരിക്കുന്നത് എന്നാണ് സൂചന.
ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ ചിത്രമായ നീരാളിയിലും ഈ അടുത്തിടെ ദിലീഷ് പോത്തൻ മോഹൻലാലിന് ഒപ്പം അഭിനയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾ ഒരുക്കിയ ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്ന് അനൗദ്യോഗിക വാർത്തകൾ വരുന്നുണ്ട്. ഏതായാലും തുടർച്ചയായി ഇവർ ഒരുമിച്ചു അഭിനയിക്കുന്നതിലൂടെ, ആ പ്രൊജക്റ്റും സത്യമായി വരട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും സിനിമാ പ്രേമികളും.
ശ്യാമ പ്രസാദും ഇത് വരെ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. അങ്ങനെ ഒരു ചിത്രം പ്ലാനിങ്ങിൽ ആണെന്നും ദുബായ് ബേസ് ചെയ്തുള്ള ഒരു കഥയാണെന്നും വാർത്തകൾ വന്നിരുന്നു. ഒടിയൻ പൂർത്തിയാക്കിയ മോഹൻലാൽ ഇനി ഈ രഞ്ജിത് ചിത്രം, പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ, പ്രിയദർശന്റെ മരക്കാർ, കെ വി ആനന്ദ് – സൂര്യ ടീമിന്റെ തമിഴ് ചിത്രം എന്നിവയാവും ചെയ്യുക.