in ,

പ്രേക്ഷകരുടെ ഉള്ളുലച്ച് ജനപ്രിയ നായകന്റെ ‘തങ്കമണി’; റിവ്യു വായിക്കാം…

പ്രേക്ഷകരുടെ ഉള്ളുലച്ച് ജനപ്രിയ നായകന്റെ ‘തങ്കമണി’; റിവ്യു വായിക്കാം

കേരളത്തിലെ പോലീസുകാർക്ക് ആകമാനം നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു വർഷങ്ങൾക്ക് മുമ്പ് തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ട്. മൂന്നരപതിറ്റാണ്ട് മുമ്പ് 1986 ഒക്ടോബർ 21ന് അർദ്ധരാത്രി കേരളം നടുങ്ങിയ ദിവസമാണ്. അന്നാണ് തങ്കമണി എന്ന കൊച്ചുഗ്രാമത്തിലെ വീടുകള്‍ തോറും പോലീസ് കയറിയിറങ്ങി കൂത്താടിയത്. 1987ല്‍ പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി സംഭവത്തെ ആസ്പദമാക്കി നിർമിക്കപ്പെട്ട ആദ്യ സിനിമ. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ആ യഥാര്‍ത്ഥ സംഭവത്തോടൊപ്പം ഫിക്ഷനും കൂടി ചേർത്ത് ‘തങ്കമണി’ എന്ന സിനിമയൊരുക്കിയിരിക്കുകയാണ് ‘ഉടൽ’ എന്ന സിനിമയൊരുക്കി ശ്രദ്ധേയനായ രതീഷ് രഘുനന്ദൻ.

കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ തീരാക്കളങ്കമായാണ് തങ്കമണി സംഭവത്തെ കണക്കാക്കുന്നത്. ഒരു ബസ് തർക്കത്തിന്‍റെ പേരിൽ പോലീസ് നടത്തിയ നരനായാട്ടിൽ ഒരു ഗ്രാമം മുഴുവൻ ചോരപ്പുഴയൊഴുകി. ആ സംഭവം മുൻനിർത്തി ജീവൻ തുടിക്കുന്നൊരു കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ച് സംവിധാനവും മികച്ച രീതിയിൽ നിർവ്വഹിച്ചിരിക്കുകയാണ് രതീഷ് രഘുനന്ദൻ. ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിയിരുന്ന ബസുകൾ അക്കാലത്ത് തങ്കമണി വരെ സർവീസ് നടത്താതെ യാത്രക്കാരെ പാറമട എന്ന സ്ഥലത്ത് ഇറക്കി വിടുന്നത് പതിവായത് ചില വിദ്യാർത്ഥികള്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേ തുടർന്ന് എലൈറ്റ് എന്ന ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ തങ്കമണി നിവാസികൾ ബസ് കവലയിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ബസ് കൊണ്ടുപോകാൻ വന്ന പോലീസുകാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടാവുകയും പോലീസ് വെടിവയ്പ്പ് നടത്തുകയും ചെയ്തു. ഈപ്പൻ എന്ന പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ രാത്രിയിലെത്തിയ പോലീസ് സംഘം വീടുകളിലേക്കിരച്ചുകയറി പുരുഷന്മാരെ തിരഞ്ഞുപിടിച്ച് ക്രൂരമായ മർദ്ധനങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു. ഈ സംഭവമാണ് സിനിമയിൽ തീവ്രതയൊട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുന്നത്.

ആബേൽ ജോഷ്വാ മാത്തൻ എന്നയാളെ കേന്ദ്രീകരിച്ചാണ് സിനിമ നീങ്ങുന്നത്. സൗദിയിൽനിന്ന് അവധിക്കായി നാട്ടിലെത്തിയതാണയാള്‍. വീട്ടിൽ അനിതയെന്ന ഭാര്യയും റാഹേൽ എന്ന പെങ്ങളും അമ്മച്ചിയും ആബേലിനുണ്ട്. റോയിയും തങ്കച്ചനും അച്ചൻകുഞ്ഞും അവറാച്ചനുമാണ് അയാളുടെ സുഹൃത്തുക്കള്‍. പക്ഷേ ഒരു മാസത്തെ അവധിക്ക് നാട്ടിൽ വന്ന് മടങ്ങുന്നതിനിടെ അയാളെ കാത്തിരുന്നത് അതിമാരകമായ ചില സംഭവപരമ്പരകളായിരുന്നു.

ദിലീപ് ആണ് ആബേൽ എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്. യുവാവായും വയോധികനായും രണ്ടു പ്രായത്തിലുള്ള ലുക്കിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ളതും ആക്ഷന് സാധ്യതയുമുള്ള വേഷം ദിലീപ് തികഞ്ഞ കൈയ്യടക്കത്തോടെ മനോഹരമാക്കിയിട്ടുണ്ട്. ആബേലിന്‍റെ ഭാര്യ അനിതയുടെ വേഷത്തിൽ നീത പിള്ള മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. പ്രണിത സുഭാഷ്, മനോജ് കെ. ജയൻ, സുദേവ് നായർ, മാളവിക മേനോൻ, അസീസ് നെടുമങ്ങാട്, സിദ്ദീഖ്, കോട്ടയം രമേഷ്, ജോൺ വിജയ്, സമ്പത്ത് റാം, അംബിക മോഹൻ, ജയിംസ് ഏലിയാ, സ്‌മിനു സിജോ, അജ്മൽ അമീർ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുമുണ്ട്.

തങ്കമണി സംഭവത്തെ അതർഹിക്കുന്ന ഗൗരവം ഒട്ടും ചോരാതെ രഘുനന്ദൻ ബിഗ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. തങ്കമണി സംഭവത്തെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികള്‍ ആയുധമാക്കിയതെന്നും അതുമൂലം ആ ഗ്രാമത്തിലെ നാട്ടുകാരുടെ അവസ്ഥയെന്തായി മാറിയെന്നും ചിത്രം കാണിച്ചിട്ടുണ്ട്. യഥാർഥ സംഭവത്തിന്‍റെ ചുവടുപിടിച്ചുകൊണ്ട് ചിത്രത്തെ ഒട്ടും അതിഭാവുകത്വമില്ലാത്ത, വിശ്വാസയോഗ്യമായ ഭാവനാസൃഷ്ടിയാക്കിയിട്ടുണ്ട് രതീഷ്.

മനോജ് പിള്ളയുടെ ഛായാഗ്രഹണവും വില്യം ഫ്രാൻസിസിന്‍റെ സം​ഗീതവും സിനിമയുടെ ആത്മാവാണ്. പഴയകാലത്തെ പുനരാവിഷ്കരിച്ച മനു ജഗതിന്‍റെ കലാസംവിധാനവും മികച്ചുനിന്നു. കേരള ചരിത്രത്തിലെ നോവുണങ്ങാത്ത 38 വർഷങ്ങൾ അതി വിദഗ്ധമായി രതീഷ് ‘തങ്കമണി’യിൽ മികച്ച ദൃശ്യമികവോടെ അവതരിപ്പിച്ചിരിക്കുകയാണ്.

Content Summary: Thankamani Movie Review

“മാസ്റ്റർപീസുമായി ഇതിഹാസം വരുന്നു”; ഭ്രമയുഗം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

“മൂന്നാമത്തെ ഷെഡ്യൂളും പൂർത്തിയായി, ഇനി ചെന്നൈയിൽ ഒരു മാസം”, ആവേശമായി എമ്പുരാൻ അപ്ഡേറ്റ്സ് ഇതാ…