മമ്മൂട്ടി നായകനാകുന്ന തെലുഗ് ചിത്രത്തിൽ സൂര്യയും!
വർഷങ്ങൾക്ക് ശേഷം തെലുഗ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുക ആണ് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് ആണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തമിഴ് സൂപ്പർതാരം സൂര്യ എത്തും എന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിന് സ്ഥിരീകരണം വന്നിരിക്കുക ആണ്. അതെ, മമ്മൂട്ടിയോടൊപ്പം യാത്രയില്‍ സൂര്യയും ഒരു കഥാപാത്രത്തെ അഭിനയിക്കുന്നു.
തെലുഗിൽ വളരെ ജനപ്രീതി ഉള്ള താരം ആണ് സൂര്യ. അതിനാൽ തന്നെ മികച്ച പ്രതികരണം ആണ് മൊഴിമാറ്റം നടത്തി അവിടെ എത്തുന്ന സൂര്യയുടെ ചിത്രങ്ങൾ നേടുന്നത്. യാത്ര എന്ന സിനിമയിൽ സൂര്യയുടെ സാന്നിധ്യം തെലുഗ് പ്രേക്ഷകരേ ചിത്രത്തിലേക്ക് കൂടുതൽ ആകർഷിക്കും.
കഴിഞ്ഞ ദിവസം മലയാള സിനിമയിലെ താരസംഘടന അമ്മ നടത്തിയ ‘അമ്മ മഴവില്ല്’ എന്ന ഷോയ്ക്കുവേണ്ടി സൂര്യ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഈ ഷോയിൽ പങ്കെടുക്കവെ ആണ് മമ്മൂട്ടിയോടൊപ്പം യാത്രയിൽ അഭിനയിക്കാൻ പോകുന്ന കാര്യം സൂര്യ വെളിപ്പെടുത്തിയത്.
വൈ എസ് ആർ എന്ന ചുരുക്കപേരില്‍ അറിയപ്പെട്ട മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയുടെ ജീവിത കഥ ആണ് ‘യാത്ര’ എന്ന ചിത്രം പറയുന്നത്. മമ്മൂട്ടി വൈ എസ് ആർ ആകുന്ന ചിത്രത്തിൽ സൂര്യ അദ്ദേഹത്തിന്റെ മകന്‍റെ വേഷത്തിൽ എത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഏതു വേഷത്തിൽ ആണ് സൂര്യ എത്തുന്നത് എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.