തുപ്പാക്കിക്ക് ശേഷം വീണ്ടും മുരുഗദോസ്- വിദ്യുത് ജംവാൽ കൂട്ടുകെട്ട്; ബ്രഹ്മാണ്ഡ ശിവകാർത്തികേയൻ ചിത്രം വരുന്നു…
ബില്ല 2 , തുപ്പാക്കി, അഞ്ചാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡ് താരം വിദ്യുത് ജംവാൽ വീണ്ടും തമിഴിൽ. സൂപ്പർ ഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ഒരുക്കുന്ന ശിവകാർത്തികേയൻ ചിത്രത്തിലാണ് വില്ലനായി വിദ്യുത് ജംവാൽ എത്തുന്നത്. അദ്ദേഹം ഈ ചിത്രത്തിന്റെ താരനിരയിൽ ജോയിൻ ചെയ്ത വിവരം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്.
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഈ മുരുഗദോസ് ചിത്രം നിർമ്മിക്കുന്നത് ശ്രീലക്ഷ്മി മൂവീസാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സുദീപ് ഇളമൺ, എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം അടുത്ത വർഷമാകും പ്രേക്ഷകരുടെ മുന്നിലെത്തുക.
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ദളപതി വിജയ് ചിത്രമായ തുപ്പാക്കിയിലെ വില്ലൻ വേഷത്തിലൂടെ വിദ്യുത് ജംവാൽ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ കയ്യടി നേടിയിരുന്നു. വീണ്ടും അതേ സംവിധായകനൊപ്പം വിദ്യുത് കൈകോർക്കുമ്പോൾ പ്രതീക്ഷകളേറെയാണ്. ബോളിവുഡിൽ സൂപ്പർ ആക്ഷൻ നായകനായി തിളങ്ങി നിൽക്കുമ്പോഴാണ് വിദ്യുത് ജംവാൽ വീണ്ടും വില്ലനായി തമിഴിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ദർബാർ എന്ന രജനികാന്ത് ചിത്രത്തിന് ശേഷം എ ആർ മുരുഗദോസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഇതിനു ശേഷം സൽമാൻ ഖാൻ നായകനായ സിക്കന്ദർ എന്ന ബോളിവുഡ് ചിത്രവും മുരുഗദോസ് ഒരുക്കും. അടുത്ത ഈദിനാണ് സൽമാൻ ഖാൻ- മുരുഗദോസ് ചിത്രം ആഗോള റിലീസായി എത്തുക. രണ്ട് വമ്പൻ ചിത്രങ്ങളിലൂടെ ഒരു ഗംഭീര തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ ബ്ലോക്ക്ബസ്റ്റർ സംവിധായകൻ. എസ് കെ 23 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ശിവകാർത്തികേയൻ ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികാ വേഷം ചെയ്യുന്നത്.