യോഗി ബാബു നായകനാകുന്ന ‘സന്നിധാനം പി.ഒ‘; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

തമിഴ് താരം യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സന്നിധാനം പി.ഒ’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും പ്രശസ്ത തമിഴ് സംവിധായകൻ ചേരനും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. ശബരിമല തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, ശക്തമായ വൈകാരിക മുഹൂർത്തങ്ങളുള്ള ഒരു കഥയാണ് പറയുന്നതെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.
അമുത ശരതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് അജിനു അയ്യപ്പനാണ്. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 170-ൽ അധികം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ യോഗി ബാബുവിനൊപ്പം കന്നഡ താരം രൂപേഷ് ഷെട്ടി, വർഷ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇരുവർക്കും പുറമെ സിതാര, പ്രമോദ് ഷെട്ടി, ഗജരാജ്, വിനോദ് സാഗർ, മൂന്നാർ രമേശ് എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ശബരിമലയിലേക്ക് പോകുന്ന ഒരു കൂട്ടം ഭക്തരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനുഷ്യബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, തുളു എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. വിനോദ് ഭാരതി ഛായാഗ്രഹണവും അരുൺ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് പികെയും കലാസംവിധാനം വിജയ് തെന്നരസുവും കൈകാര്യം ചെയ്യുന്നു.
മറ്റു അണിയറ പ്രവർത്തകർ – സഹസംവിധായകർ: ഷക്കി അശോക് & സുജേഷ് ആനി ഈപ്പൻ, സ്റ്റണ്ട്: മെട്രോ മഹേഷ്, ഗാനരചന: മോഹൻ രാജൻ, ഡാൻസ് കൊറിയോഗ്രാഫർ: ജോയ് മതി, കോസ്റ്റ്യൂം ഡിസൈനർ: നടരാജ്, മേക്കപ്പ്: സി ഷിബുകുമാർ, പ്രൊഡക്ഷൻ കൺട്രോളർമാർ: റിച്ചാർഡ് & ഡി മുരുകൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിലോക് ഷെട്ടി, അസോസിയേറ്റ് ഡയറക്ടർമാർ: മുത്തു വിജയൻ, രാജാ സബാപതി, രാജാറാം, അസിസ്റ്റൻ്റ് ഡയറക്ടർമാർ: അഗ്നി മഹേന്ദ്രൻ, ശരവണൻ ജീവ, ഡിസൈനർ: വി എം ശിവകുമാർ, സ്റ്റിൽസ്: റെനി, പിആർഒ: ശബരി.