മേക്കിങ് വീഡിയോയിലും ആകാംഷ നിറച്ച് മമ്മൂട്ടിയുടെ ‘റോഷാക്ക്’; ട്രെയിലർ പിറന്നാൾ ദിനത്തിൽ…

വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററുകൾ രണ്ടെണ്ണം ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. രണ്ട് പോസ്റ്ററുകളും തികച്ചും വ്യത്യസ്ത പുലർത്തുന്നതും പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതും ആയിരുന്നു. മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്ന തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു.
മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7ന് ആണ് റോഷാക്കിന്റെ ട്രെയിലർ പുറത്തിറങ്ങുക. ചിത്രത്തിന്റെ മേക്കിങ് വീഡിയോയിൽ ആണ് ട്രെയിലർ റിലീസ് തീയതി നിർമ്മാതാക്കൾ വെളിപ്പെടുത്തിയത്. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെ ആണ് 1 മിനിറ്റ് ദൈർഘ്യമുള്ള മേക്കിങ് വീഡിയോ പുറത്തുവന്നത്. പോസ്റ്ററുകൾ പോലെ വളരെ ആകാംഷ നിറയ്ക്കുന്ന ഒന്നാണ് ചിത്രത്തിന്റെ മേക്കിങ് വിഡീയോയും. ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് മേക്കിങ് വീഡിയോയിലും ലഭിക്കുന്നുണ്ട്. വീഡിയോ കാണാം:
മമ്മൂട്ടിയുടെ മുഖം വെളിപ്പെടുത്താത്ത തരത്തിൽ ആണ് മേക്കിങ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിന്നിൽ നിന്നുള്ള ഷോട്ടുകളും ഷാഡോ ഷോട്ടുകളും ആണ് മേക്കിങ് വീഡിയോയിൽ ഉള്ളത്. മേക്കിങ് വീഡിയോയ്ക്ക് വി3കെ ആണ് സംഗീതം ഒരുക്കിയത്. പ്രേംരാജ് ആണ് കട്ട്സ്. വിവേക് പ്രേംസിംഗ്, സാജൻ ഷെല്ലി വിൽസൺ, അഭിരാം ആനന്ദ് എന്നിവർ ഉൾപ്പെടുന്നത് ആണ് മേക്കിങ് വീഡിയോയുടെ ക്യാമറ ടീം. സമീർ അബ്‌ദുൾ തിരക്കഥ ഒരുക്കിയ റോഷാക്ക് സെപ്റ്റംബർ അവസാനം തീയേറ്ററുകളിൽ എത്തും.