in

മമ്മൂട്ടി കമ്പനിയുടെ ആദ്യ തിയേറ്റർ റിലീസ് ഞെട്ടിച്ചോ; ‘റോഷാക്ക്’ റിവ്യൂ…

മമ്മൂട്ടി കമ്പനിയുടെ ആദ്യ തിയേറ്റർ റിലീസ് ഞെട്ടിച്ചോ; ‘റോഷാക്ക്’ റിവ്യൂ…

‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മുതൽ പ്രൊമോഷന്റെ ഭാഗമായി പുറത്തുവന്ന പോസ്റ്ററുകളും ടീസറും ട്രെയിലറും ഉൾപ്പെടെ എല്ലാം തന്നെ പ്രേക്ഷകരിൽ തീർത്തത് ആകാംക്ഷ മാത്രമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം മലയാളം കണ്ട് ശീലിച്ച പതിവ് ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായത് പരീക്ഷിക്കും എന്ന പ്രതീതി തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ചിത്രം തീയേറ്ററുകളിൽ എത്തി കഴിഞ്ഞു. പ്രോമോകൾ നൽകിയ പ്രതീക്ഷകൾക്ക് ഒത്തു ഉയരാൻ ചിത്രത്തിന് സാധിച്ചോ എന്നത് ആണ് ഇനിയുള്ള ചോദ്യം.

ഭാര്യക്ക് ഒപ്പം കേരളത്തിൽ എത്തുന്ന യുകെ പൗരനായ ലൂക്ക് ആന്റണിയുടെ കാർ ഒരു അപകടത്തിൽ പെടുന്നു. ബോധം വന്നപ്പോൾ ഭാര്യയെ കാണാൻ ഇല്ല എന്ന് ലൂക്ക് മനസിലാക്കുന്നു. ആ പരാതിയും ആയാണ് അയാൾ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. നാട്ടുകാരും പോലീസും കുറച്ചു നാൾ തിരഞ്ഞതിന് ശേഷം ഈ വിഷയത്തില്‍ അവരുടെ താല്പര്യം കുറയുന്നു. എന്നാൽ ഭാര്യ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് ലൂക്ക് തിരച്ചിൽ തുടരുന്നു. ലൂക്ക് പലർക്കും ഒരു നിഗൂഢത നിറഞ്ഞ മനുഷ്യനായി മാറുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം.

സാങ്കേതിക വിഭാഗം അതി ഗംഭീരമായി പ്രവർത്തിച്ചിരിക്കുന്ന ഈ ചിത്രം ദുരൂഹത നിറയ്ക്കുന്ന ഒരു കഥാസന്ദർഭം അവതരിപ്പിച്ചതിന് ശേഷം ഓരോ കാര്യങ്ങൾ വെളിപ്പെടുത്തി കൊണ്ട് വരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സമീർ അബ്‌ദുൾ ആണ്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയിലെ മികവ് ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ ഔട്ട്പുട്ടിൽ നിന്ന് വ്യക്തമാണ്. അവരുടെ ആദ്യം തിയേറ്റര്‍ റിലീസ് ആണ് ഈ ചിത്രം.

ചിത്രത്തിന് വേണ്ട വിഷ്വൽ ട്രീറ്റ്മെന്റ് ഏതെന്ന വ്യക്തമായ ധാരണയോടെ ആണ് സംവിധായകൻ നിസാം ബഷീർ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ മൂഡ് സൃഷ്ടിക്കാൻ ഭൂമിശാസ്ത്രവും കളർ പാലറ്റും ഒക്കെ സമർഥമായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. നിമിഷ രവിയുടെ ഛായാഗ്രഹണം ഗംഭീരമാണ്. അദ്ദേഹത്തിന്റെ ക്യാമറയുടെ ചലനം മുതൽ ഷോട്ടുകൾ വരെ ഓരോ സീനിന്റെയും സ്വഭാവം പ്രേക്ഷകരിലേക്ക് വളരെ എളുപ്പത്തിൽ എത്തിക്കാൻ സഹായിച്ചിട്ടുണ്ട്. കാഴ്ചകൾ പോലെ അതിപ്രധാനമാണ് ഒരു ത്രില്ലർ ചിത്രത്തിലെ സംഗീതവും. മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് മുതൽക്കൂട്ടായി. കിരണ്‍ ദാസിന്റെ എഡിറ്റിംഗ് മികവ് പുലര്‍ത്തി.

ചെറുതും വലുതുമായ സ്ക്രീൻ ടൈമിൽ എത്തിയ താരങ്ങൾ ഒക്കെയും നല്ല പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. ലുക്ക് ആന്റണി ആയി മമ്മൂട്ടി മികച്ച ജീവിക്കുക ആണ്. ആ കഥാപാത്രത്തിന് ചുറ്റും നിഗൂഡമായ പ്രഭാവലയം സൃഷ്ടിക്കാൻ മമ്മൂട്ടിയുടെ പ്രകടനം എളുപ്പമാക്കുന്നുണ്ട്. ബിന്ദു പണിക്കർ എന്ന നടിയുടെ അസാധ്യ പ്രകടനമാണ് ഈ ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. ഷോ സ്റ്റീലർ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. ജഗദീഷ്, കോട്ടയം നസീർ, ഗ്രെയ്‌സ് ആന്റണി എന്നിവരും മികച്ചു നിന്നു.

സാങ്കേതിമായി മികച്ച ക്വാളിറ്റിയിൽ തയ്യാറാക്കിയിരിക്കുന്ന റോഷാക്ക് മികച്ച തിയേറ്റർ അനുഭവം നൽകും എന്നതിൽ സംശയമില്ല. പോസ്റ്ററുകളും പ്രോമോ വീഡിയോകളും നൽകിയ പ്രതീക്ഷകൾ കാക്കാൻ ചിത്രത്തിന് ആയിട്ടുണ്ട് എന്ന് തന്നെ പറയാം. തിയേറ്റർ കാഴ്ച അർഹിക്കുന്നുണ്ട് മമ്മൂട്ടി കമ്പനിയുടെ ആദ്യ തിയേറ്റർ റിലീസ് ആയ ഈ ത്രില്ലർ ചിത്രം.

ആറാം വർഷവും ഇൻഡസ്ട്രി ഹിറ്റായി ‘പുലിമുരുകൻ’ തുടരുന്നു; ഇത് ബോക്സ്‌ ഓഫീസ് മോണ്‍സ്റ്റർ…

മോഹൻലാൽ ആരാധകർക്ക് ഇതാ ബിഗ് അപ്‌ഡേറ്റ്; ‘മോൺസ്റ്റർ’ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു…