“കെജിഎഫ്, സലാർ ഇനി മാർക്കോ”; ഉണ്ണി മുകുന്ദൻ ചിത്രത്തിന് രവി ബസ്‌റൂർ സംഗീതം ഒരുക്കും…

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഹനീഫ് അദനി സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദനി തന്നെയൊരുക്കിയ മിഖായേൽ എന്ന ചിത്രത്തിൽ, ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന സ്റ്റൈലിഷ് വില്ലന്റെ അച്ഛൻ കഥാപാത്രത്തിന്റെ കഥയാണ് മാർക്കോ പറയുകയെന്നാണ് സൂചന. ഇപ്പോഴിതാ വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ആക്ഷൻ ത്രില്ലറിന്റെ സംഗീത സംവിധായകൻ ആരാണെന്നുള്ള വിവരവും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.
പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രങ്ങളായ കെ ജി എഫ്, കെ ജി എഫ് 2 , സലാർ എന്നിവക്ക് സംഗീതം പകർന്ന് വമ്പൻ കയ്യടി നേടിയ രവി ബസ്‌റൂർ ആണ് മാർക്കോ എന്ന ചിത്രത്തിന് വേണ്ടിയും സംഗീതമൊരുക്കുക. 2021 ഇൽ റിലീസ് ചെയ്ത മഡ്‌ഡി എന്ന ചിത്രത്തിലൂടെയാണ് രവി ബസ്‌റൂർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
അതിന് ശേഷം പൃഥ്വിരാജ് നായകനായി പ്രഖ്യാപിച്ച കാളിയൻ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായും രവി ബസ്‌റൂർ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. എന്നാൽ കാളിയന്റെ ചിത്രീകരണം വൈകുന്നത് കൊണ്ട് തന്നെ മാർക്കോയിലൂടെയായിരിക്കും ഈ സൂപ്പർ ഹിറ്റ് സംഗീത സംവിധായകന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവ് എന്നുറപ്പായി കഴിഞ്ഞു. ഏപ്രിൽ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന മാർക്കോ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ വയലൻസ് ഉള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർക്കൊപ്പം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന മാർക്കോ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്.
Content Highlights: Ravi Basrur to do Music for Unni Mukundan’s Marco