“പിള്ളേർ സീൻ മാറ്റുന്നു”; തമിഴ്നാട്ടിൽ തരംഗമായി ‘മഞ്ഞുമ്മൽ ബോയ്സ്’…

മലയാള സിനിമയുടെ സീൻ തന്നെ മറ്റും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമെന്ന്, അതിന്റെ റിലീസിന് മുൻപേ തന്നെ സംഗീത സംവിധായകൻ സുഷിൻ ശ്യാം പറഞ്ഞപ്പോൾ, അതിനെ ആവേശത്തോടെ സ്വീകരിച്ചവരും ആകാംഷയോടെ കണ്ടവരും ഒരുപാടുണ്ട്. അനാവശ്യ ഹൈപ്പ് ചിത്രത്തിന് ദോഷം ചെയ്യുമെന്ന് കരുതിയവരും ഏറെയാണ്. എന്നാലിപ്പോഴിതാ, റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ മഞ്ഞുമ്മൽ ബോയ്സ് അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സീൻ മാറ്റുകയാണ്.
ആഗോള തലത്തിൽ 60 കോടി ഗ്രോസിലേക്ക് കുതിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രം, തമിഴ് നാട് മലയാള സിനിമയുടെ പുതിയ ചരിത്രം കുറിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് കുതിക്കുന്ന മഞ്ഞുമ്മൽ ബോയ്സ്, ആദ്യമായി തമിഴ്‌നാട്ടിൽ നിന്നും ഒരു ദിവസം ഒരു കോടി രൂപക്ക് മുകളിൽ ഗ്രോസ് നേടുന്ന മലയാള ചിത്രമെന്ന ചരിത്രവുമെഴുതിക്കഴിഞ്ഞു.
റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് കഴിഞ്ഞപ്പോൾ തന്നെ തമിഴ്‌നാട്ടിൽ നൂറിലധികം സ്‌ക്രീനുകളിലാണ് ഈ ചിത്രം കൂടുതലായി പ്രദർശനം ആരംഭിച്ചത്. തമിഴ്നാട് ബോക്സ് ഓഫീസിൽ ആദ്യമായി ഒരു മലയാള ചിത്രം ഒന്നാമതെത്തുന്ന കാഴ്ചയും മഞ്ഞുമ്മൽ ബോയ്സ് കാണിച്ചു തരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ചിദംബരമാണ്.
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു സുഹൃത്ത് സംഘത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
Also Read : “ശ്വാസം അടക്കി ഡെവിൾസ് കിച്ചന്റെ ഭീകരതയിലേക്ക്”; ‘മഞ്ഞുമ്മൽ ബോയ്സ്’ റിവ്യൂ…
Content Highlights: Manjummel Boys Tamil Nadu Box Office Performance