in

‘റാം’ ഷൂട്ടിംഗ് ഓഗസ്റ്റിൽ പുനരാരംഭിക്കും; ഒന്നാം ഭാഗം ക്രിസ്മസിന്, രണ്ടാം ഭാഗം അഞ്ച് മാസത്തിന് ശേഷം എത്തും…

‘റാം’ ഷൂട്ടിംഗ് ഓഗസ്റ്റിൽ പുനരാരംഭിക്കും; ഒന്നാം ഭാഗം ക്രിസ്മസിന്, രണ്ടാം ഭാഗം അഞ്ച് മാസത്തിന് ശേഷം എത്തും…

മലയാളത്തിൻ്റെ ഹിറ്റ് കൂട്ടുകെട്ട് ആയ മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാം എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ പുനരാരംഭിക്കും എന്നും ക്രിസ്മസിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും എന്നും അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ആയ രമേശ് പി പിള്ള. ആസിഫ് അലി നായകനാകുന്ന ലെവൽ ക്രോസ് എന്ന ചിത്രത്തിൻ്റെ പ്രൊമോഷണൽ ഇവൻ്റിൽ ആണ് രമേശ് പി പിള്ള ഇക്കാര്യം വെളിപ്പെടുത്തിയത്.

റാമിൻ്റെ 126 ദിവസ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥ കാരണം ലണ്ടനിലെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നത് ആയിരുന്നു എന്നും ഓഗസ്റ്റിൽ ആദ്യ ആഴ്ചയിൽ ടുണീഷ്യയിൽ ഷൂട്ടിംഗ് പുനരാരംഭിക്കും എന്നും നിർമ്മാതാവ് പറഞ്ഞു. അവിടെ 22 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ് ഉണ്ടാകും, അതിന് ശേഷം ലണ്ടനിൽ 12-15 ദിവസ ഷൂട്ടിംഗും ബാക്കിയുണ്ട്. പിന്നീട് തിരികെ മുംബൈയിലും ചെന്നൈയിലും കേരളത്തിലുമായി റാമിൻ്റെ ചിത്രീകരണം തുടരും. ആകെ 52 ദിവസ ഷൂട്ടിംഗ് ആണ് ബാക്കിയുള്ളത് എന്നും നിർമ്മാതാവ് സൂചിപ്പിച്ചു.

ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് ചിത്രം എത്തിക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. റാം രണ്ടാം ഭാഗം ആകട്ടെ അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസം റിലീസ് ചെയ്യിക്കാനും ഉദ്ദേശിക്കുന്നുണ്ട്. വലിയ ഒരു ചിത്രമാണ് റാം എന്നും നിർമ്മാതാവ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് റാമിൻ്റെ ചിത്രീകരണം ഉടനെ ആരംഭിക്കും എന്ന് ജീത്തു ജോസഫും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണിപ്പോൾ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ നിർമ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്.

ആക്ഷൻ ചിത്രമായി ഒരുക്കുന്ന റാം മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ്. ആദ്യം ഒരൊറ്റ ചിത്രമായി പ്ലാൻ ചെയ്ത ചിത്രം പിന്നീട് രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ തീരുമാനിക്കുക ആയിരുന്നു. തൃഷ കൃഷ്ണൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, സമ്മി ജോനാസ് ഹീനി എന്നിവർ ആണ് മറ്റ് താരങ്ങൾ.

ഭയപ്പെടുത്തുന്ന സവാരിയ്‌ക്ക് തയ്യാറാകൂ; ‘സുമതി വളവ്’ പ്രഖ്യാപിച്ച് മാളികപ്പുറം ടീം…

പ്രായം മറന്ന് മമ്മൂട്ടിയുടെ ഇടി; ടർബോ മേക്കിംഗ് വീഡിയോ പുറത്ത്…