മെഗാസ്റ്റാറിന്റെ രാജ 2 അടുത്ത വർഷം മാർച്ചിൽ എത്തും; ആവേശഭരിതരായി ആരാധകർ!
മെഗാസ്റ്റാർ മമ്മൂട്ടിയെയും യുവ സൂപ്പർതാരമായ പൃഥ്വിരാജിനെയും നായകന്മാരാക്കി 2010 ഇൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരിരാജ. വൈശാഖിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായിരുന്നു സിബി കെ തോമസ് – ഉദയ കൃഷ്ണ ടീം രചിച്ച ഈ ആക്ഷൻ ചിത്രം. ബോക്സ്ഓഫീസിൽ വിജയം നേടിയ ഈ മൾട്ടി-സ്റ്റാർ ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ രാജയെ മുൻനിർത്തി രാജ 2 എന്ന ചിത്രം വരികയാണ്. അടുത്ത വർഷം മാർച്ച് 21 ന് റിലീസ് ചെയ്യാൻ പാകത്തിന് ഒരുങ്ങാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖും രചിക്കുന്നത് ഉദയ കൃഷ്ണയും ആയിരിക്കും.
യു കെ സ്റ്റുഡിയോയുടെ ബാനറിൽ ഉദയ കൃഷ്ണ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടാവില്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഇതിൽ അണിനിരക്കാൻ പോകുന്ന സാങ്കേതിക പ്രവർത്തകരെ കുറിച്ചോ ഉള്ള വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. പതിവ് പോലെ ഒരു വമ്പൻ ആക്ഷൻ ചിത്രം തന്നെ ആയിരിക്കും ഈ ടീമിൽ നിന്ന് ഉണ്ടാവുക എന്നുറപ്പാണ്. ആരാധകരുടെ പ്രിയ കഥാപാത്രമായ രാജ ആയി മമ്മൂട്ടി ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ആവേശം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. അതിന് മുൻപ് വൈശാഖ് നിവിൻ പോളിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യും എന്നാണ് സൂചന.
ഉദയ കൃഷ്ണ ആവട്ടെ മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന വയനാടൻ തമ്പാൻ എന്ന ചിത്രവും അതുപോലെ അജയ് വാസുദേവ് വാസുദേവ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രവും കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൃഥ്വിരാജിന്റെ അസാന്നിധ്യം നിരാശ ഉണ്ടാകുമെങ്കിലും രാജ 2 ബോക്സ് ഓഫീസിൽ ഓളം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.