in

മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ അഞ്ചോളം മാസ് ചിത്രങ്ങള്‍ റീ-റിലീസിന് ഒരുങ്ങുന്നു!

മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ അഞ്ചോളം മാസ് ചിത്രങ്ങള്‍ റീ-റിലീസിന് ഒരുങ്ങുന്നു!

മെയ് 21 എന്ന തീയതി മലയാളികൾക്ക് എന്നും ഉത്സവമാണ്. മലയാളത്തിന്‍റെ മഹാനടനും താര ചക്രവർത്തിയുമായ മോഹൻലാലിന്‍റെ ജന്മദിനമാണ് അന്ന്. എല്ലാ വർഷവും അദ്ദേഹത്തിന്‍റെ ജന്മദിനം ആരാധകരും സിനിമാ പ്രേമികളും ഓരോ മലയാളി പ്രേക്ഷകനും തങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ വമ്പൻ ആഘോഷമാക്കുകയാണ് പതിവ്. ലാലേട്ടന് വേണ്ടി ജന്മദിന സ്പെഷ്യൽ വിഡിയോകൾ ഉണ്ടാക്കിയും സിനിമകൾ റീ-റിലീസ് ചെയ്‌തും ആശംസകൾ നേർന്നും ഒപ്പം കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഒക്കെ അദ്ദേഹത്തോടുള്ള സ്നേഹം ഏതൊക്കെ രീതിയിൽ പ്രകടിപ്പിക്കാമോ ആ രീതിയിലൊക്കെ മലയാളികൾ പ്രകടിപ്പിക്കും ആ ദിവസം. ഒരു മെയ് 21 കൂടി എത്തുകയാണ്. ഇത്തവണ അമ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന മോഹൻലാലിന് വേണ്ടി ഒരുപാട് സർപ്രൈസുകൾ ആണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന.

ഏതായാലും മോഹൻലാൽ ആരാധകർ ആ ദിവസം ഉത്സവമാക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു വമ്പൻ റീ-റിലീസ് മാമാങ്കം തന്നെയാണ് ഈ വരുന്ന മെയ് 21 ന് കേരളത്തിൽ നടക്കുക. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം, ഒരു നടന്‍റെ അഞ്ചു മുൻകാല ചിത്രങ്ങൾ ഏകദേശം ഇരുപതോളം തീയേറ്ററുകളിൽ ആയി ആവും റീ റിലീസ് ചെയ്യുക. മോഹൻലാൽ – ഷാജി കൈലാസ് ചിത്രമായ നരസിംഹം, മോഹൻലാൽ – രഞ്ജിത്ത് ചിത്രമായ രാവണപ്രഭു, മോഹൻലാൽ – അമൽ നീരദ് ചിത്രമായ സാഗർ ഏലിയാസ് ജാക്കി, മോഹൻലാൽ – അൻവർ റഷീദ് ചിത്രമായ ചോട്ടാ മുംബൈ, മോഹൻലാൽ – ഭദ്രൻ ചിത്രമായ സ്ഫടികം എന്നിവയാണ് റീ റിലീസ് ചെയ്യുന്നത്.

കേരളത്തിലുടനീളമുള്ള ഇരുപതോളം സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രങ്ങൾ റീ-റിലീസ് ചെയ്യുന്നത്. ജന്മദിനത്തിന് ഇനിയും മൂന്നു ദിവസം ശേഷിക്കെ റീ-റിലീസ് ചെയ്യുന്ന സ്‌ക്രീനുകളുടെയും ചിത്രങ്ങളുടെയും എണ്ണം കൂടാനും സാധ്യത ഉണ്ട്. അന്നേ ദിവസം തന്നെ നീരാളി എന്ന മോഹൻലാൽ ചിത്രത്തിന്‍റെ ട്രൈലെർ ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഒടിയൻ ടീമിൽ നിന്നും അതുപോലെ സർപ്രൈസുകൾ പ്രതീക്ഷിക്കാം എന്നും രണ്ടാമൂഴത്തെ കുറിച്ചുള്ള സർപ്രൈസുകളും രഞ്ജിത് – മോഹൻലാൽ ചിത്രത്തിന്‍റെ പേരും അതെ ദിവസം പുറത്തു വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഈ തവണയും നടനവിസ്മയത്തിന്‍റെ ജന്മദിനം മലയാളികൾക്ക് ഉത്സവമാകും എന്ന് തീർച്ച.

മെഗാസ്റ്റാറിന്‍റെ രാജ 2 അടുത്ത വർഷം മാർച്ചിൽ എത്തും; ആവേശഭരിതരായി ആരാധകർ!

‘മഹാനടിയിൽ അച്ഛനെ മോശമായി ചിത്രീകരിച്ചു’: ജെമിനി ഗണേശന്‍റെ മകൾ