മമ്മൂട്ടി ചിത്രം പേരൻപിന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വൻ വരവേൽപ്പ്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപിന് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വമ്പൻ വരവേൽപ്പ്. തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ തമിഴ് സംവിധായകൻ റാം ആണ് പേരൻപ് ഒരുക്കിയത്. ഈ ചിത്രത്തിന്‍റെ ആദ്യ പ്രദർശനമാണ് ഈ കഴിഞ്ഞ ജനുവരി 27 ന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നടന്നത്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മികച്ച അഭിപ്രായം ആണ് ചിത്രം നേടിയെടുക്കുന്നത്. നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസകൊണ്ട് മൂടുന്ന ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി ഗംഭീര അഭിപ്രായം ആണ് പുറത്തു വരുന്നത്.
ഈ ഫിലിം ഫെസ്റ്റിവലിൽ തീർച്ചയായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങളുടെ ലിസ്റ്റിലും പേരൻപ് ഇടം നേടി. മനസ്സിനെ തൊടുന്ന ഇമോഷണൽ ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിദേശത്തു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്ന അമുദൻ എന്ന ഒരു അച്ഛന്റെ കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റാമിന്റെ തന്നെ തരമണി എന്ന ചിത്രവും മേൽപ്പറഞ്ഞ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
ശ്രീ രാജലക്ഷ്മി ഫിലിമ്സിന്‍റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, ബേബി സാധന , കനിഹ, സമുദ്രക്കനി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. യുവാൻ ശങ്കർ രാജ സംഗീതം പകർന്നിരിക്കുന്നു ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് ദേശീയ പുരസ്‍കാര ജേതാവായ ശ്രീകർ പ്രസാദ് ആണ്.
ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനം ആണ് ഈ ചിത്രം എന്ന് നിർമ്മാതാവും പേരൻപ് പ്രീമിയർ കണ്ട പ്രേക്ഷകനുമായ ജെ സതീഷ് കുമാർ അഭിപ്രായപ്പെട്ടു. മമ്മൂട്ടിക്ക് മറ്റൊരു ദേശീയ അവാർഡ് കൂടി ഈ ചിത്രത്തിലൂടെ ലഭിച്ചേക്കാം എന്നും നിരൂപകർ വിലയിരുത്തുന്നുണ്ട്. അടുത്ത മാസം ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.