തന്‍റെ കരിയറിലെ ഏറ്റവും മികച്ച വർക്ക് ആയിരിക്കും ഒടിയൻ എന്ന് പീറ്റർ ഹെയ്‌ൻ
ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം എന്നത് ഒടിയൻ എന്ന മോഹൻലാൽ ചിത്രമാണ്. മലയാള സിനിമാ ലോകവും പ്രേക്ഷകരും വേറെ ഒരു ചിത്രത്തിന് വേണ്ടിയും ഇത്രയധികം കാത്തിരിക്കുന്നുണ്ടാവില്ല. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. ആദ്യം വന്ന രണ്ട് ലൊക്കേഷൻ ടീസറുകൾക്കും ഒരു മേക് ഓവർ ടീസറിനും ശേഷം ചിത്രത്തിലെ ഒരു ഷോട്ട് മാത്രം ഉൾപ്പെടുത്തിയുള്ള ഒരു ടീസർ കൂടി ഇന്നലെ ഒടിയൻ ടീം പുറത്തു വിട്ടു. സോഷ്യൽ മീഡിയയിൽ കാട്ടു തീ പോലെ പടർന്ന ഈ ടീസറിലെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ആവേശം കൊള്ളിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തു വന്നു കഴിഞ്ഞു.
തന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ജോലിയാണ് താൻ ഒടിയൻ എന്ന ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നതെന്നാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌ൻ പറയുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തു വെച്ച് നടന്ന, പ്രണവ് മോഹൻലാലിന്‍റെ ആദി എന്ന ചിത്രത്തിന്‍റെ നൂറാം ദിന ആഘോഷ പരിപാടിയിൽ ആണ് പീറ്റർ ഹെയ്‌ൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. അത്രയേറെ പരിശ്രമം താൻ ഈ ചിത്രത്തിന് വേണ്ടി തന്‍റെ പൂർണ്ണ മനസ്സാൽ നടത്തിയിട്ടുണ്ട് എന്ന് പീറ്റർ പറഞ്ഞു. അതിന്‍റെ ഫലം ലഭിക്കും എന്നാണ് തന്‍റെ പ്രതീക്ഷ എന്നും പീറ്റർ ഹെയ്‌ൻ പറഞ്ഞു.
ഹോളിവുഡ് ചിത്രമായ റെസിഡൻറ്റ് ഈവൽ പോലെയൊക്കെ നിലവാരമുള്ള ആക്ഷൻ ചിത്രങ്ങൾ മലയാളത്തിലും ഒരുക്കാൻ കഴിയുമെന്നുള്ള തന്റെ വിശ്വാസത്തിന്റെ ഒരു കാരണം ഒടിയൻ പോലുള്ള ചിത്രങ്ങൾ ആണെന്നും പീറ്റർ പറഞ്ഞു.
ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാലിൻറെ പുലിമുരുകനിലെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയതിനു ആണ് പീറ്റർ ഹെയ്ന് ദേശീയ പുരസ്‌കാരം ലഭിച്ചത്.