സംഗീത വിസ്മയം തീര്‍ക്കാന്‍ എ ആര്‍ റഹ്മാന്‍ ആദ്യമായി കൊച്ചിയില്‍; ആവേശത്തില്‍ ആരാധകര്‍!
ആരാധകർ ആവേശത്തോടെ കാത്തിരുന്ന എ ആർ റഹ്മാൻ ഷോ ഈ വരുന്ന ശനിയാഴ്ച (മെയ് 12ന്) കൊച്ചിയില്‍ നടക്കും. പത്തു വർഷത്തിന് ശേഷമാണ് എ ആർ റഹ്മാൻ തന്‍റെ ഷോയുമായി കേരളത്തിൽ എത്തുന്നത് എന്നത് മാത്രമല്ല ഇതിന്‍റെ സവിശേഷത, കൊച്ചി ആദ്യമായി ആണ് എ ആര്‍ റഹ്മാന്‍ ഷോയ്ക്ക് വേദിയാകുന്നത്. ഇക്കാരണത്താല്‍ ആരാധകരില്‍ ആവേശമിരട്ടിയാകുന്നു. ഫ്ളവർസ് ടിവിയാണ് ഈ പ്രോഗ്രാം കൊച്ചിയിൽ നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം 6.30 ന് ആണ് കൊച്ചിയിൽ എ ആർ റഹ്മാൻ ഷോക്ക് തുടക്കമാകുന്നത്. തന്‍റെ കരിയറിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി സംഗീത മാന്ത്രികൻ എത്തുമ്പോൾ അത് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുമെന്നുറപ്പ്.
ഫ്ലവർസ് ടിവി, ബുക്ക് മൈ ഷോ, ഇൻസൈഡർ , പേടിഎം എന്നിവ വഴിയൊക്കെ ഷോയ്ക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ചൂടപ്പം പോലെയാണ് ഷോയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. മലയാളത്തിൽ യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് മാത്രമാണ് എ ആർ റഹ്മാൻ സംഗീതം പകർന്നിട്ടുള്ളു എങ്കിലും, അദ്ദേഹത്തിന്‍റെ ഹിന്ദി, തമിഴ് ഗാനങ്ങളുടെ ആരാധകരാണ് ഒരുവിധപ്പെട്ട എല്ലാ സംഗീത പ്രേമികളും. തന്‍റെ രണ്ടാമത്തെ മലയാള ചിത്രമായ ആടുജീവിതത്തിലെ ഗാനങ്ങളുടെ പണിപ്പുരയിൽ ആണ് അദ്ദേഹമിപ്പോൾ. ബ്ലെസി സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.
മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ ആണ് ഈ പരിപാടി നടക്കുന്നത്. എറണാകുളം സീപോർട് എയർ പോർട്ട് റോഡിൽ മനക്കപ്പടി ജംഗ്ഷനിൽ ആണ് ഈ സ്ഥലം. തൃപ്പുണിത്തുറ ഇരുമ്പനമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്ന ഏരിയ. വൈകുന്നേരം നാല് മണി മുതൽ കാണികളെ പ്രവേശിപ്പിച്ചു തുടങ്ങും. 250 രൂപ മുതൽ 5900 രൂപ വരെയാണ് പ്രോഗ്രാം കാണാനായുള്ള വിവിധ പാസ്സുകളുടെ വില. ശനിയാഴ്ച വൈകുന്നേരം കൊച്ചിയിൽ എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതത്തിന് സാക്ഷി ആകാന്‍ കാത്തിരിക്കുക ആണ് ആരാധകര്‍. എ ആര്‍ റഹ്മാന്‍ ഷോയ്ക്കുള്ള ടിക്കറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.