രണ്ടര വർഷങ്ങൾക്കു ശേഷം ഒരു എൻടിആർ പടം റിലീസിന്, ആവേശം തീർത്ത് അനിരുദ്ധിന്‍റെ സംഗീതവും; ‘ദേവര’ നാളെ തിയേറ്ററുകളിലേക്ക്
രണ്ടര വർഷങ്ങൾക്കു ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ഒരു ചിത്രം തിയേറ്റർ റിലീസിന് തയ്യാറായിരിക്കുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ എൻടിആർ ചിത്രം ‘ആർആർആർ’ (രൗദ്രം രണം രുധിരം) തിയേറ്ററുകളിൽ തീർത്ത കോളിളക്കം ചെറുതല്ല. അതിനാൽ തന്നെ റിലീസിനൊരുങ്ങുന്ന ‘ദേവര’ക്കായ് വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’ നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ ആഘോഷമായി ഏറ്റെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആരാധകർ.
അതിനിടയിൽ കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച ഷോർട്ട് റിവ്യൂ വൈറലായിരിക്കുകയുമാണ്. ‘ദേവര’ എന്നെഴുതിക്കൊണ്ട് ട്രോഫികൾ, കൈയ്യടി, വെടിക്കെട്ട് ഇമോജികളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ദേവര’യെ കുറിച്ചുള്ള അനിരുദ്ധിന്‍റെ ആദ്യ ‘ബ്ലോക്ക്ബസ്റ്റർ റിവ്യൂ’ ആരാധകർ ആഘോഷമാക്കിയിരിക്കുകയുമാണ്. ഇതിന് മുന്നേ ഇത്തരത്തിൽ ട്വീറ്റ് ചെയ്ത ‘ലിയോ’, ‘ജവാൻ’, ‘ജയിലർ’ എന്നീ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു.
#Devara 🏆🏆🏆👏👏👏💥💥💥
— Anirudh Ravichander (@anirudhofficial) September 22, 2024
അനിരുദ്ധാണ് ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങളെല്ലാം പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ‘ദേവര’യിലും അനിരുദ്ധിന്‍റെ മികച്ച സൗണ്ട് ട്രാക്ക് തന്നെയുണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതിനകം സിനിമയിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം വൈറലായി കഴിഞ്ഞിട്ടുമുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘ദേവര’ രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും.
‘ജനത ഗ്യാരേജി’ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിക്കുന്ന ചിത്രമാണ് ‘ദേവര’. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ‘ദേവര’. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.