വേറിട്ട ലുക്കിൽ വിസ്മയിപ്പിക്കാൻ ചാക്കോച്ചൻ; ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് ലുക്ക്…
ചാക്കോച്ചൻ എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഓരോ ചിത്രങ്ങളും വളരെ പ്രതീക്ഷ ആണ് നൽകുന്നത്. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പ് മികച്ചത് ആണെന്ന അഭിപ്രായങ്ങൾ കൊണ്ട് നിറയുക ആണ് സോഷ്യൽ മീഡിയ. കുഞ്ചാക്കോ ബോബൻ നായകനായ ഏറ്റവും പുതിയ ചിത്രം പട മികച്ച അഭിപ്രായങ്ങൾ നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയും ചെയ്യുന്നു. ഇപ്പോളിതാ പുതിയ ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുക ആണ്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബൻ നായകൻ ആകുന്ന പുതിയ ചിത്രം. ചിത്രത്തിൽ വ്യത്യസ്തമായ ഒരു വേഷത്തിൽ ആണ് കുഞ്ചാക്കോ ബോബൻ എത്തുന്നത് എന്ന സൂചന നൽകി ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചേറിൽ കുളിച്ച് നിൽക്കുന്ന രീതിയിൽ ആണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷ വരാൻ മറ്റൊരു കാരണം കൂടി ഉണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകനും നിർമ്മാതാവും ആണ് ഈ ചിത്രത്തിനും പിന്നിൽ. സന്തോഷ് ടി കുരുവിള ആണ് നിർമ്മാതാവ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സംവിധായകൻ രതീഷ് തന്നെ ആണ്. ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ അരങ്ങേറ്റം കുറിച്ച രതീഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ കനകം കാമിനി കലഹം ആയിരുന്നു രതീഷിന്റെ അവസാന റിലീസ് ചിത്രം. നിവിൻ പോളി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.