അഭിനയ തികവിന്‍റെ പുതിയ കാഴ്ചയുമായി ജയസൂര്യ; പ്രതീക്ഷയും പ്രചോദനവുമായി ‘ഞാന്‍ മേരിക്കുട്ടി’
ജയസൂര്യ – രഞ്ജിത് ശങ്കർ ടീം ഒന്നിച്ച പുതിയ ചിത്രം ആണ് ഞാൻ മേരിക്കുട്ടി . ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ഇവർ രണ്ടു പേരും തന്നെ നിർമ്മിച്ച ഈ ചിത്രം ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇതിന്‍റെ ട്രെയിലറും ഇതിലെ ഗാനവുമെല്ലാം സോഷ്യൽ മീഡിയയിൽ അത്രയേറെ ശ്രദ്ധ നേടിയെടുത്തിരുന്നു. പുണ്യാളൻ അഗര്ബത്തീസും, സു സു സുധി വാത്മീകവും, പ്രേതവും, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡുമെല്ലാം സമ്മാനിച്ച ജയസൂര്യ- രഞ്ജിത് ശകർ കൂട്ടുകെട്ട് പതിവ് പോലെ തന്നെ വളരെ വ്യത്യസ്തമായതും വളരെയേറെ പ്രസക്തിയുള്ളതുമായ ഒരു ചിത്രം തന്നെയാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.
ട്രാൻസ്‌ജെൻഡർ ആയ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പെണ്ണിന്‍റെ മനസ്സുമായി ജീവിക്കേണ്ടി വന്ന മാത്തുക്കുട്ടി എന്ന കഥാപാത്രം ശസ്‍ത്രക്രിയയിലൂടെയാണ് മേരികുട്ടിയായി മാറുന്നത്. എന്നാൽ സമൂഹത്തിൽ ഇങ്ങനെയുള്ളവർ നേരിടുന്ന എതിർപ്പുകളും അവരെ അംഗീകരിക്കാനും തങ്ങളിൽ ഒരാളായി കൂട്ടാനും പലപ്പോഴും അറിവുള്ളവർ പോലും മടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മേരിക്കുട്ടി കടന്നു പോകുന്ന അത്തരം സാഹചര്യങ്ങളും അതിനെയെല്ലാം അതിജീവിച്ചു മേരിക്കുട്ടി നേടിയെടുക്കുന്ന ജീവിത വിജയവുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
ഒറ്റ വാക്കിൽ ഗംഭീരം എന്ന് തന്നെ ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. അഭിനയ തികവിലൂടെ ജയസൂര്യയും മികച്ച രചനയിലൂടെയും സംവിധാന മികവിലൂടെ രഞ്ജിത്ത് ശങ്കറും പ്രേക്ഷകരുടെ മനസ്സ് തൊട്ടു എന്നുതന്നെ പറയേണ്ടി വരും. ട്രാൻസ്‌ജെൻഡർ ആയ ഒരുപാട് ആളുകളുടെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നു ഈ ചിത്രം. ഒരു യഥാർത്ഥ ജീവിത കഥയുടെ ആവിഷ്കാരം പോലെയാണ് രഞ്ജിത് ശങ്കർ ഈ ചിത്രമൊരുക്കിയിരിക്കുന്നതു. അതിജീവനവും പ്രചോദനവുമാണ് ഞാൻ മേരിക്കുട്ടി അവതരിപ്പിക്കുന്ന രണ്ടു വലിയ പോസിറ്റീവ് ആയ കാര്യങ്ങൾ.
പ്രേക്ഷകനെ ബോറപ്പിക്കാത്ത രീതിയിൽ റിയലിസ്റ്റിക് ആയി തന്നെയാണ് രഞ്ജിത് ശങ്കർ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മനസ്സിൽ തൊടുന്ന , കണ്ണ് നനയിപ്പിക്കുന്ന മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് നല്കിയതിനൊപ്പം തന്നെ കൈ വിട്ടു പോകാവുന്ന കഥാ സന്ദർഭങ്ങളെ വരെ വളരെ തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്യുകയും ചെയ്തു ഈ സംവിധായകൻ. ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത ഈ ചിത്രം നല്‍കുന്നത് ഒരു വലിയ പോസിറ്റീവ് എനർജി കൂടി ആണ്. പ്രതീക്ഷകളും ആത്മ വിശ്വാസവും പകർന്നു നൽകുന്ന ഒരു ചിത്രം കൂടിയാണ് ഞാൻ മേരിക്കുട്ടി. ഗംഭീര സംഭാഷണങ്ങളും അതോടൊപ്പം തന്നെ വളരെ റിയൽ ആയ കഥാപാത്രങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.
ജയസുര്യ ഓരോ വാക്കിലും നോട്ടത്തിലും ചലനത്തിലും വരെ മേരികുട്ടിയായി ജീവിച്ചപ്പോൾ ഒരു നടനെന്ന നിലയിലുള്ള ഈ കലാകാരന്‍റെ വളർച്ച കണ്ടു അത്ഭുതം കൊള്ളാൻ മാത്രമേ പ്രേക്ഷകര്‍ക്ക് സാധിക്കൂ. അത്ര സ്വാഭാവികം ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. അദ്ദേഹത്തിന്‍റെ ശരീര ഭാഷയും സംഭാഷണ ശൈലിയുമെല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. ജയസൂര്യയോട് ഒപ്പം തന്നെ സുരാജ് വെഞ്ഞാറമൂടും തന്‍റെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടിയിട്ടുണ്ട്. ജുവൽ മേരി, ഇന്നസെന്റ്, ജോജു ജോർജ് , അജു വർഗീസ്,ശിവജി ഗുരുവായൂർ, ശോഭ മോഹൻ തുടങ്ങിയവരും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.
ആനന്ദ് മധുസൂദനൻ ഒരുക്കിയ മനോഹരമായ ഈണങ്ങളും വിഷ്ണു നാരായണൻ ഒരുക്കിയ ദ്രിശ്യങ്ങളും ഈ ചിത്രത്തിന് മുതൽ കൂട്ടാണ്. വൈകാരിക രംഗങ്ങളിലെ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. വി സാജൻ എന്ന എഡിറ്റർ ചിത്രത്തിന് പകർന്നു നൽകിയത് പ്രേക്ഷകരെ കൂടി ചിത്രത്തിനൊപ്പം സഞ്ചരിപ്പിച്ചു കൊണ്ടുള്ള സുഗമമായ ഒഴുക്കായിരുന്നു എന്നും പറയാം.
ഞാൻ മേരിക്കുട്ടി, വെറുമൊരു എന്റെർറ്റൈനെർ അല്ല. പൂർണ്ണമായും പ്രേക്ഷകരുടെ മനസ്സിനെ തൊടുന്ന, കണ്ണ് നയിക്കുന്ന ഒരു ചലച്ചിത്രാനുഭവമാണ്. ഈ ചിത്രം നൽകുന്നത് പ്രചോദനവും പുതിയൊരു കാഴ്ചപ്പാടുമാണ്. ചുറ്റുമുള്ളവരെ മനോഹരമായ മനസ്സോടെ കാണാനും അവരെ സ്വീകരിക്കുവാനും പഠിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ് ‘ഞാൻ മേരിക്കുട്ടി’.