‘കൂടെ’യിലൂടെ തിരിച്ചു വരവിന് ഒരുങ്ങുന്ന നസ്രിയയുടെ പുതിയ ചിത്രം ഫഹദ് ഫാസിലിനൊപ്പം!
അഞ്ജലി മേനോൻ ഒരുക്കുന്ന ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്‍റെ പ്രിയ നായിക നസ്രിയ. യുവ നടന്‍ ഫഹദ് ഫാസിലുമൊത്തുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും അവധിയില്‍ ആയിരുന്നു താരം. ഇപ്പോള്‍ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. ഇനി എന്നാണ് ഫഹദ് ഫാസിലിനോപ്പം നസ്രിയ ഒരു ചിത്രം ചെയ്യുക എന്നാണ് ആരാധകരും പ്രേക്ഷകരും അറിയാന്‍ ആഗ്രഹിക്കുന്നത്. ഈ ചോദ്യത്തിന് അടുത്തയിടെ ഒരു അഭിമുഖത്തില്‍ നസ്രിയ ഉത്തരവും നല്‍കി.
ഫഹദ് ഫാസിലിനോപ്പം ഒരു ചിത്രം വരുന്നുണ്ട് എന്ന് നസ്രിയ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ ചിത്രത്തിന്‍റെ പേരോ സംവിധായകന്‍ ആരെന്നോ താരം വെളിപ്പെടുത്തിയില്ല. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം ചര്‍ച്ചയില്‍ ഉണ്ടെന്ന കാര്യം നസ്രിയ ഉറപ്പുവരുത്തിയിരിക്കുക ആണ്.
മുന്‍പ് ബംഗ്ലൂര്‍ ഡേയ്സ്, പ്രമാണി എന്നീ ചിത്രങ്ങളില്‍ ആണ് നസ്രിയ – ഫഹദ് ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ചത്. അഞ്ജലി മേനോന്‍ ഒരുക്കിയ ബംഗ്ലൂര്‍ ഡേയ്സ് വിവാഹത്തിന് മുന്‍പുള്ള നസ്രിയയുടെ അവസാന ചിത്രവും ആയിരുന്നു.
ഇപ്പോള്‍ നസ്രിയ നിര്‍മ്മാണ രംഗത്തേക്കും ചുവടു വെച്ച് കഴിഞ്ഞു. ഫഹദ് ഫാസില്‍ – അമല്‍ നീരദ് ചിത്രമായ വരത്തന്‍റെ നിര്‍മ്മാണ പങ്കാളി ആണ് നസ്രിയ. അതെ പോലെ കുമ്പളങ്ങി നൈറ്റ്സ് എന്ന ഫഹദ് ഫാസില്‍ ചിത്രവും നസ്രിയ നിര്‍മ്മിക്കുന്നു. നസ്രിയയുടെ തിരിച്ചു വരവ് ചിത്രമായ കൂടെയില്‍ പൃഥ്വിരാജ് ആണ് നായകന്‍. പൃഥ്വിരാജിന്‍റെ സഹോദരി വേഷത്തില്‍ നസ്രിയ എത്തുന്ന ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ബംഗ്ലൂര്‍ ഡേയ്സ് സഹതാരം പാര്‍വതിയും ഉണ്ട്.