മമ്മൂട്ടിയുടെ തെലുഗ് ചിത്രം യാത്രയുടെ ടീസർ ജൂലൈ 8ന് പുറത്തിറങ്ങും
വർഷങ്ങൾക്ക് ശേഷം മലയാളത്തിന്‍റെ മഹാ നടൻ മമ്മൂട്ടിയെ തെലുഗ് സിനിമയിലേക്ക് വീണ്ടും അവതരിപ്പിക്കുന്ന ചിത്രം ആണ് യാത്ര. മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം മഹി വി രാഗവ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ ടീസർ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.
യാത്രയുടെ ടീസർ ജൂലൈ 8ന് പുറത്തിറക്കാൻ ആണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം വൈ എസ് രാജശേഖര റെഡ്ഢിയുടെ 69 മത്തെ പിറന്നാൾ ദിനം ആണ്. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ആണ് ടീസർ എത്തുന്നത്.
മമ്മൂട്ടി വൈ എസ് ആർ ആയെത്തുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം ആണ് ആരംഭിച്ചത്. ആദ്യഘട്ട ചിത്രീകരണത്തിന്‍റെ തിരക്കിൽ ആണ് അണിയറപ്രവർത്തകർ.
ജഗപതി ബാബു, സുഹാസിനി മണിരത്നം, അനസൂയ ഭരദ്വാജ് തുടങ്ങിയവർ ചിത്രത്തിലെ മറ്റു താരങ്ങൾ. 70എംഎം എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ തീയേറ്ററുകളിൽ എത്തും.