ഇന്റർവെൽ പോലും നൽകാതെ ഭയപ്പെടുത്താൻ നയൻതാരയുടെ ‘കണക്റ്റ്’; ടീസർ പുറത്ത്…

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഇന്ന് 38-ാം ജന്മദിനം ആണ്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ആയിരിക്കുക ആണ്. ഹൊറർ ത്രില്ലർ ആയ കണക്റ്റിന്റെ ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബർ 22 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട് നിർമ്മാതാക്കൾ. പാശ്ചാത്യ ഹൊറർ ചിത്രങ്ങളെ ഓർമ്മപ്പെടുത്തിയാണ് ടീസർ എത്തിയിരിക്കുന്നത്. ചെന്നൈയിലെ മറീന ബീച്ചിന്റെ ഒരു ആകാശ കാഴ്ച്ചയോടെയും വിചിത്രമായ സംഗീതത്തോടെയും ആണ് ടീസർ ആരംഭിക്കുന്നത്.
ഒരു മുറിയിൽ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്ന ഒരു പെൺകുട്ടി സഹായം അഭ്യർത്ഥിക്കുന്ന ശബ്ദം ആണ് ടീസറിൽ പിന്നീട് കേൾക്കാൻ ആവുന്നത്. പെൺകുട്ടിയുടെ അമ്മയാണെന്ന് അനുമാനിക്കാവുന്ന കഥാപാത്രമായി നയൻതാര, പെൺകുട്ടിയെ കട്ടിലിൽ കെട്ടിയിരിക്കുന്ന മുറിയിലേക്ക് പ്രവേശിക്കുന്നു. ശേഷം ചില ഭയപ്പെടുത്തുന്ന കാഴ്ചകൾ ആണ് ടീസറിൽ ദൃശ്യമാകുന്നത്. ടീസറിന് ഒപ്പം നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഇടവേളയില്ലാതെ 95 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ആയിരിക്കും ഇതെന്ന് സൂചിപ്പിക്കുന്നുണ്ട്. ‘മായ’, ‘ഗെയിം ഓവർ’ എന്നിവയുടെ സംവിധായകൻ അശ്വിൻ ശരവണൻ ആണ് ഈ ഹൊറർ ത്രില്ലർ ഒരുക്കുന്നത്. സത്യരാജ്, അനുപം ഖേർ, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ ആണ് മറ്റ് താരങ്ങള്‍. ടീസർ കാണാം: