തിരിച്ചടിക്കാൻ ലേഡി സൂപ്പർസ്റ്റാർ; മാസ് ആക്ഷനുമായി നയൻതാരയുടെ ‘രാക്കായി’ ടൈറ്റിൽ ടീസർ

അടുത്തിടെ ചെയ്ത മോശം സിനിമകളുടെ പേരിലും സമൂഹ മാധ്യമങ്ങളിൽ ഉണ്ടായ വിവാദങ്ങളുടെ പേരിലും പഴി കേട്ട തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻതാര വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്നു. തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ആണ് നയൻതാര എത്തിയിരിക്കുന്നത്. ‘രാക്കായി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നയൻതാരയുടെ ജന്മദിനം പ്രമാണിച്ച് പുറത്ത് വിട്ടു.
വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ആക്ഷൻ ചിത്രമായാണ് ‘രാക്കായി’ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ തരുന്നത്. വയലൻസിനു പ്രാധാന്യമുള്ള ഒരു പീരീഡ് ചിതമായിരിക്കും ഇതെന്നുള്ള സൂചനയും ടീസർ തരുന്നുണ്ട്. നയൻതാര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തെയും കുഞ്ഞിനേയും അപകടപ്പെടുത്താനെത്തുന്ന വമ്പൻ ജനക്കൂട്ടത്തെയും അവർക്കെതിരെ ഒറ്റക്ക് പോരാട്ടം നയിക്കുന്ന നയൻതാരയെയും ആണ് ടൈറ്റിൽ ടീസറിൽ കാണിച്ചിരിക്കുന്നത്.
സെന്തിൽ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസ് & മൂവി വേഴ്സ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ഗൗതം രാജേന്ദ്രൻ, എഡിറ്റിംഗ് പ്രവീൺ ആന്റണി. നയൻതാരയുടെ കല്യാണവുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ആയ Nayanthara: Beyond the Fairy Tale ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നയൻതാരയുടെ ഒടിടി പ്രോജക്ട്. എന്നാൽ റിലീസിന് മുൻപ് തന്നെ ഈ ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
നടൻ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പുമായി നയൻതാര എത്തുകയും ഡോക്യുമെന്ററി വൈകിയതിന് ധനുഷാണ് കാരണമെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തിൽ നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ മുന്നോട്ട് വരുന്നത്.