‘വല്യേട്ടൻ 2’ ന് സബ്ജക്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് നിർമ്മാതാവ്; ദുൽഖർ സൽമാൻ നായകനാകും?

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. നവംബര്‍ 29നാണ് വല്യേട്ടന്റെ റീ റിലീസ്. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്.
ഇപ്പോഴിതാ, വീണ്ടും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഷാജി കൈലാസ്. 25 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ നാട് ഭരിക്കുന്നു, ആ രീതിയിൽ കൊണ്ട് വരാം എന്ന് മമ്മൂക്കയോട് പറഞ്ഞതായി ഷാജി കൈലാസ് വെളിപ്പെടുത്തി.
ദുൽഖർ സൽമാനെ നായകനാക്കി രണ്ടാം ഭാഗം വരും എന്നും ദുൽഖറിനൊപ്പം മമ്മൂട്ടിയും ഉണ്ടാകുമെന്നും ഉള്ള പ്രതീക്ഷയിൽ ആണ് ആരാധകർ. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഷാജി കൈലാസിന്റെ വാക്കുകൾ ചർച്ചയാകുന്നുണ്ട്. സബ്ജക്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നും രണ്ടാം ഭാഗം ചെയ്യാൻ തനിക്ക് ഭയങ്കര താല്പര്യം ആണെന്നും നിർമ്മാതാവ് ബൈജു അമ്പലക്കരയും പറയുന്നു.
2000 ത്തിൽ റിലീസ് ചെയ്ത വല്യേട്ടനിൽ മമ്മൂട്ടിയെ കൂടാതെ ശോഭന, സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്,മനോജ് കെ ജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. മോഹന്‍ സിത്താര ഗാനങ്ങളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയ വല്യേട്ടൻ നിർമ്മിച്ചത് അമ്പലക്കര ഫിലിംസ് ആണ്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്.
വല്യേട്ടനിൽ മമ്മൂട്ടി അവതരിപ്പിച്ച അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തിന്റെ മകൻ ആയാവും രണ്ടാം ഭാഗത്തിൽ ദുൽഖർ എത്തുക എന്നും, മാധവനുണ്ണിയുടെ മകൻ ഈ നാട് ഭരിക്കുന്ന രീതിയിലാണ് പ്രമേയം ഒരുക്കിയിരിക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ റീ റിലീസ് ടീസർ അടുത്തിടെ പുറത്ത് വിട്ടിരുന്നു.