എംടി-മമ്മൂട്ടി ചിത്രം പൂർത്തിയായി; താരനിരയിൽ വിനീതും അനുമോളും…

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘കഡുഗണ്ണാവ ഒരു യാത്രാ കുറുപ്പ്’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. ശേഷമിപ്പോൾ പാലക്കാട് നടന്ന അവസാന ഷെഡ്യൂളും കൂടി പൂർത്തിയായിരുക്കുക ആണ്. എംടിയുടെ പത്ത് തിരക്കഥകളെ അടിസ്ഥാനപ്പെടുത്തി നെറ്റ്ഫ്ലിക്‌സിന് വേണ്ടി തയ്യാറാക്കുന്ന അന്തോളജിയുടെ ഭാഗമാണ് ഈ ചിത്രം.
എംടിയുടെ ആത്മകഥാംശമുള്ള നായക കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിലോണിൽ ജോലി ചെയ്തിരുന്ന അച്ഛൻ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ കൂടെ വന്നിരുന്ന പത്ത് വയസുകാരി ലീലയെ അന്വേഷിച്ച് വർഷങ്ങൾക്ക് ശേഷം നായക കഥാപാത്രം ശ്രീലങ്കയിലെ കഡുഗണ്ണാ എന്ന സ്ഥലത്തേക്ക് നടത്തുന്ന യാത്രയെ ആസ്പദമാക്കിയാണ് ഈ ചിത്രം. എംടിയുടെ തിരക്കഥയിൽ ആദ്യമായി ആണ് രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. പുത്തൻ പണം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി രഞ്ജിത്ത് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഈ ചിത്രത്തിൽ വിനീത്, അനുമോൾ, സാവിത്രി ശ്രീധരൻ, മനോഹരി ജോയ്, സുമേഷ് മൂർ, രാജ് ആനന്ദ്, ശങ്കർ, രമ്യ, നിൽജ തുടങ്ങിയവരും അഭിനയിക്കുന്നു. അന്തോളജിയിലെ ഒൻപതാം ചിത്രമായി ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീലങ്കയിൽ മമ്മൂട്ടിയ്ക്ക് വൻ വരവേൽപ്പ് ആണ് അവിടുത്തെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. ക്രിക്കറ്റ് ഇതിഹാസവും ടൂറ്റിസം ബ്രാൻഡ് അംബാസിഡറുമായ സനത്ത് ജയസൂര്യ ഉൾപ്പെടെയുള്ളവർ മമ്മൂട്ടിയുമായി കൂടി കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.