“അവർ ചെറിയ ഒരു സിഗ്നൽ തന്നിട്ടുണ്ട്”; ചോദ്യങ്ങള്‍ ബാക്കിയാക്കി മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ട്രെയിലർ എത്തി…

‘മോൺസ്റ്റർ’ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുക ആണ് പ്രേക്ഷകർ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ട് മൂന്ന് പോസ്റ്ററുകൾ അല്ലാതെ മറ്റൊരു അപ്‌ഡേറ്റും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലർ ആണെന്നത് അല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ലായിരുന്നു. ഇപ്പോളിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുക ആണ് നിർമ്മാതാക്കൾ. ചിത്രത്തെ കുറിച്ചൊരു ധാരണ ട്രെയിലർ നൽകും എന്ന പ്രതീക്ഷയിൽ പ്രേക്ഷകർ കാത്തിരിക്കുമ്പോൾ ആണ് ട്രെയിലർ എത്തിയിരിക്കുന്നത്.
1 മിനിറ്റ് 31 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു വ്യാജ അന്വേഷണം, ഒരു സ്ത്രീയുടെ ഭർത്താവിനെയും കുട്ടിയേയും കാണ്മാനില്ല തുടങ്ങിയ ചില വിഷയങ്ങൾ ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. പോലീസ് തിരയുന്ന ലക്കി സിംഗ് ആയി ആണ് മോഹൻലാലിനെ ട്രെയിലറിൽ പരിചയപ്പെടുത്തുന്നത്. ഒരു മോൺസ്റ്ററിനെ നശിപ്പിക്കാൻ മറ്റൊരു മോൺസ്റ്റർ എന്ന വാചകം ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകന് യാതൊരു പിടിയും തരാതെ ആണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. രണ്ട് ലുക്കിൽ മോഹൻലാലിനെ ട്രെയിലറിൽ കാണാം. ട്രെയിലർ:
മോൺസ്റ്ററിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണ ആണ്. മലയാളത്തിന്റെ എക്കാലത്തെയും ബിഗ് ഹിറ്റ് ആയ പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്.