ഫീൽ ഗുഡിൽ തുടങ്ങി ക്രൈം മിസ്റ്ററി ത്രില്ലർ ട്രാക്കിലേക്ക് മാറി ഞെട്ടിച്ച് ‘വിചിത്രം’ ട്രെയിലർ…
ഷൈൻ ടോം ചാക്കോയും ബാലു വർഗീസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘വിചിത്രം’. നവാഗതനായ അച്ചു വിജയൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഒരു ക്രൈം മിസ്റ്ററി ത്രില്ലർ ആണ്. തൃശൂർ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ഒരു അമ്മയും അവരുടെ അഞ്ച് കുട്ടികളും അടങ്ങുന്ന ഒരു ഫുട്ബോളിൽ വിദഗ്ധർ ആയ കുടുബത്തെ ചുറ്റിപ്പറ്റിയുള്ളത് ആണ്. അഞ്ച് സഹോദരന്മാരിൽ മുതിർന്ന ആളായ ജാക്സൺ ആയി ഷൈൻ ടോം ചാക്കോ വേഷമിടുന്നു. ബാലു വർഗീസ് രണ്ടാമത്തെ സഹോദരനായും എത്തുന്നു. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ഒരു സ്പോർട്ട്‌സ് ഡ്രാമ അല്ലെങ്കിൽ ഒരു ഫീൽ ഗുഡ് ചിത്രം എന്ന പ്രതീതി സൃഷ്ടിച്ചാണ് തുടങ്ങുന്നത്. ശേഷം ചിത്രം മിസ്റ്ററി ക്രൈം ത്രില്ലർ ട്രാക്കില്ലേക്ക് മാറുന്നു. അമ്മയ്ക്ക് ഒപ്പം ഷൈൻ ടോം ചാക്കോയും സഹോദരങ്ങളും സന്തോഷപൂർവ്വം ജീവിക്കുന്ന നിമിഷങ്ങളോടെ ആണ് ട്രെയിലർ തുടങ്ങുന്നത്. കുടുംബത്തിന് വേണ്ടി ചെയ്ത കാര്യം എന്ന് പറഞ്ഞ് എന്തോ ഒരു പ്രവർത്തിയെ ഷൈൻ ടോം ചാക്കോ ന്യായീകരിക്കാൻ ശ്രമിക്കുന്നിടത്ത് നിന്ന് ചിത്രം അതിന്റെ യഥാർത്ഥ ട്രാക്കിലേക്ക് മാറുന്നു. ഒരു നിഗൂഡമായ വീടിനെ കുറിച്ചും ട്രെയിലറിൽ സൂചിപ്പിക്കുണ്ട്. ട്രെയിലർ:
മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സംവിധായകൻ ഈ ചിത്രം ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ആണെന്ന് വെളിപ്പെടുത്തിയത്. അഞ്ച് സഹോദരങ്ങളുടെ മരിച്ചുപോയ പിതാവ് ഒരു ഫുട്‌ബോൾ കോച് ആയിരുന്നു എന്നും കുറച്ചു നാൾ മുൻപ് നടന്ന ഒരു ക്രൈം ചുരുളഴിയുന്നത് ആണ് ചിത്രം എന്നും സംവിധായകൻ സൂചിപ്പിച്ചിരുന്നു. പോലീസ് അന്വേഷണം ഒന്നും നടന്നിട്ടില്ലാത്ത ഒരു ക്രൈം കാലക്രമേണ ചുരളഴിയുന്നത് ആണ് ചിത്രം.
ജോയ് മൂവി പ്രൊഡക്ഷൻസിന്‍റെ ബാനർ ഡോ. അജിത് ജോയും സംവിധായകന്‍ അച്ചു വിജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അർജുൻ ബാലകൃഷ്ണൻ ആണ് ക്യാമറ കൈകാര്യം ചെയ്തത്. നിഖിൽ രവീന്ദ്രന്‍റെ ആണ് തിരക്കഥ. എഡിറ്റർ: അച്ചു വിജയൻ. ട്രെയിലർ കട്ട്: ബോബി രാജൻ, വിഷ്ണു വികാസ്. സംഗീത സംവിധാനം: ജുബൈർ മുഹമ്മദ്, സ്ട്രീറ്റ് അക്കാദമിക്സ്. പശ്ചാത്തല സംഗീതം: ജുബൈർ മുഹമ്മദ്.