‘തുടരും’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; മനസ്സ് നിറയ്ക്കുന്ന ചിരിയുമായി സാധാരണക്കാരനായി ലാലേട്ടൻ വരുന്നു

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തരുൺ മൂർത്തി ചിത്രമായ ‘തുടരും’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിലെ മോഹൻലാലിന്റെ ജോലികൾ അദ്ദേഹം പൂർത്തിയാക്കിയ വിവരം ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് അണിയറ പ്രവർത്തകർ തന്നെയാണ് പുറത്ത് വിട്ടത്.
ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൺമുഖം എന്നാണ് ഇതിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരെന്നാണ് സൂചന.
കാര്യങ്ങള്‍ അതിവേഗം മുന്നോട്ടു പോവുകയാണെന്നും ആവേശകരമായ നിമിഷങ്ങളാണ് വരാനിരിക്കുന്നത് എന്നും ഡബ്ബിങ് പൂർത്തിയായ വിവരം പങ്ക് വെച്ച് കൊണ്ട് തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ‘തുടരും’ നിർമ്മിക്കുന്നത്. ജനുവരി അവസാന വാരം ആശീർവാദ് റിലീസ് ഈ ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തുടരും. ചിത്രത്തിന് തിരക്കഥയൊരുക്കിയത് സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് ഷാജി കുമാർ, സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, ഇർഷാദ്, തോമസ് മാത്യു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.