മോഹൻലാൽ ചിത്രം ഡ്രാമയുടെ ടീസർ നാളെ പുറത്തിറങ്ങും; ഫസ്റ്റ് ലുക്ക് എത്തി!
രഞ്ജിത്ത് ഒരുക്കുന്ന മോഹൻലാൽ ചിത്രം ഡ്രാമയുടെ ടീസർ നാളെ (ജൂൺ 30ന്) പുറത്തിറങ്ങും. മോഹൻലാൽ ഫേസ്ബുക്ക് പേജില്‍ കൂടി ഇക്കാര്യം ആരാധകരെ അറിയിച്ചു. കൂടാതെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസര്‍ അറിയിപ്പിന് ഒപ്പം മോഹന്‍ലാല്‍ പങ്കുവെച്ചു.
രഞ്ജിത്തിന്‍റെ തന്നെ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ് എന്ന ചിത്രത്തിന്‍റെ ശൈലിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ എന്നാണ് റിപ്പോർട്ടുകൾ. ലോഹം എന്ന ചിത്രത്തിന് ശേഷം ആണ് രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. വമ്പൻ ബജറ്റ് ചിത്രങ്ങളിൽ നിന്നും മാറി മോഹൻലാൽ ഭാഗമാകുന്ന ഒരു സാധാ ചിത്രമാണ് ഡ്രാമ എന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്.
മോഹൻലാലിനെ കൂടാതെ കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, സിദ്ദിഖ്, ടിനി ടോം, ബൈജു, മൈഥിലി, ശാലിൻ സോയ സുബി സുരേഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
വർണ്ണ ചിത്ര പ്രൊഡക്ഷൻസും ലിലിപാഡ് മോഷൻ പിക്ചേർസ് യൂ കെയുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനു തോമസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകണം അഴകപ്പൻ നിർവഹിക്കുന്നു.
ഡ്രാമയുടെ ടീസർ നാളെ 10 മണിക്ക് ആണ് മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കുക.