in

‘തുടരും’ ട്രെയിലർ സെൻസറിങ് പൂർത്തിയായി; റിലീസ് എമ്പുരാനോടൊപ്പം?

‘തുടരും’ ട്രെയിലർ സെൻസറിങ് പൂർത്തിയായി; റിലീസ് എമ്പുരാനോടൊപ്പം?

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രെയിലർ സെൻസറിങ് പൂർത്തിയായി. ഒരു മിനിറ്റ് 56 സെക്കന്റ് ആണ് ട്രെയിലറിന്റെ ദൈർഘ്യം. 2025 മെയ് മാസത്തിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ, മാർച്ച് 27 നു പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമായ എമ്പുരാന്റെ ഒപ്പം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് സൂചന.

അത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വൈകാതെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നേരത്തെ ജനുവരി 30 നു റിലീസ് പ്ലാൻ ചെയ്ത ഈ ഫീൽ ഗുഡ് ഫാമിലി ഡ്രാമ, ചിത്രത്തിന്റെ ജോലികൾ പൂർത്തിയാവാത്തതിനാൽ ആണ് റിലീസ് നീട്ടിയത്. ഇതിനോടകം തന്നെ ചിത്രത്തിലെ “എന്തൊരു ചേലാണ്” എന്ന ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. എം ജി ശ്രീകുമാർ ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് ജേക്സ് ബിജോയ് ആണ്.

മെയ് രണ്ടിന് ആണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്യുന്നതെന്നാണ് അനൗദ്യോഗിക വിവരങ്ങൾ പറയുന്നത്. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരിടവേളക്ക് ശേഷം ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, അബിൻ ബിനോ തുടങ്ങി ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രം തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്നാണ് രചിച്ചത്. ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം- ഷാജി കുമാർ, എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി ബി.

മോഹൻലാലിന്റെ ‘എമ്പുരാൻ’ ചരിത്രം കുറിക്കുന്നു; മലയാള സിനിമയുടെ ആദ്യ ഐമാക്സ് റിലീസ് മാർച്ച് 27 ന്

ചിറകുവെച്ച് പറന്ന് മാത്യു തോമസ്, ഒപ്പം നായികയായ ഈച്ചയും; ‘ലൗലി’യിലെ രണ്ടാം ഗാനം ‘ബബിൾ പൂമൊട്ടുകൾ’ പുറത്ത്