പ്രപഞ്ച സൃഷ്ടാവായി മോഹൻലാൽ; ടൊവിനോ ചിത്രം A.R.M ബിഗ് അപ്‌ഡേറ്റ് പുറത്ത്
ടോവിനോ തോമസ് നായകനായ A.R.M (അജയന്റെ രണ്ടാം മോഷണം) എന്ന ബ്രഹ്മാണ്ഡ മലയാള ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും. പ്രപഞ്ച സൃഷ്ടാവിനെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമായി ശബ്ദ സാന്നിധ്യമായാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഭാഗമാകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളത്തിന്റെ മെഗാതാരം കൂടെ ഈ ചിത്രത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട് എന്ന വാർത്ത വന്നതോടെ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വിക്രം ആണ് ശബ്ദം നൽകിയിരിക്കുന്നത്.
നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. ടു ഡി, ത്രീഡി ഫോര്മാറ്റുകളിലായാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം ഫാന്റസി ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരും, നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നുമാണ്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരുമുണ്ട്. ദിപു നൈനാൻ തോമസ് സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജോമോൻ ടി ജോൺ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.