in ,

“ശ്വാസം അടക്കി ഡെവിൾസ് കിച്ചന്റെ ഭീകരതയിലേക്ക്”; ‘മഞ്ഞുമ്മൽ ബോയ്സ്’ റിവ്യൂ…

“ശ്വാസം അടക്കി ഡെവിൾസ് കിച്ചന്റെ ഭീകരതയിലേക്ക്”; ‘മഞ്ഞുമ്മൽ ബോയ്സ്’ റിവ്യൂ…

ഒരുമിച്ച് കളിച്ച് വളർന്ന ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിൽ ടൂർ പോകുന്നു. പെട്ടെന്ന് ഒരു തീരുമാനത്തിൽ അവർ അവിടെ ഡെവിൾസ് കിച്ചൻ അഥവാ ഗുണ കേവ് എന്ന് അറിയപ്പെടുന്ന ഒരു ഗുഹ എക്സ്പ്ലോർ ചെയ്യാൻ തീരുമാനം എടുക്കുകയും അതിനുള്ളിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒപ്പം കളിയും ചിരിയുമായി നടന്നിരുന്ന അവരിൽ ഒരാൾ അപ്രതീക്ഷിത നിമിഷത്തിൽ ആ ഗുഹയിലെ വലിയ അഗാധമായ കുഴിയിലേക്ക് വീണ് പോകുന്നു. തുടർന്ന് സുഹൃത്തിനെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും അധികാരികളും ശ്രമിക്കുന്നതും ആണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് സംവിധായകൻ ചിദംബരം മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയിരിക്കുന്നത്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് എത്തിയ ഒരു കൂട്ടം മലയാളി റുപ്പക്കാർക്ക് തന്നെ ആയിരുന്നു ഗുണ കേവിൽ അന്ന് അപകടത്തിൽ പെട്ടത്. ചിത്രത്തിൻ്റെ അവസാനം യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിൻ്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവിതം ആസ്വദിച്ച് നടക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ് ആരംഭിക്കുന്ന ചിത്രം പെട്ടെന്ന് ഒരു ഘട്ടത്തിൽ ട്രാക്കൊന്ന് മാറ്റുമ്പോൾ പിന്നിടങ്ങോട്ട് സ്ക്രീനിൽ തെളിയുക ശ്വാസം അടക്കിപ്പിടിച്ച് കണ്ട് പോകുന്ന കാഴ്ചകളാണ്. ജാൻ എ മൻ എന്ന കോമഡി ചിത്രം ഒരുക്കി അരങ്ങേറ്റം ഗാംഭീരമാക്കിയ ചിദംബരം എന്ന സംവിധായകൻ മറ്റൊരു ട്രാക്കിലേക്ക് കയറിയപ്പോളും ഞെട്ടിച്ചിരിക്കുയാണ്. മഞ്ഞുമ്മൽ ബോയ്സ് അതിൻ്റെ യഥാർത്ഥ ട്രാക്കിലേക്ക് കയറി കഴിയുമ്പോൾ പിന്നെ ഒരൊറ്റ നിമിഷം പോലും മറ്റൊരു വഴിക്ക് സഞ്ചരിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ ചുറ്റുപാടുകൾ മറന്ന് പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചിത്രം.

ചിത്രത്തിൻ്റെ കാഴ്ചകൾ ഒക്കെ അതി ഗംഭീരമാണ്. ഗുഹയ്ക്ക് ഉള്ളിലെ ഭീകരത ഒക്കെയും അത്രയും വിശ്വാസിപ്പിക്കുന്ന തരത്തിൽ ആണ് സൃഷ്ടിച്ചതും ഷൈജു ഖാലിദ് ക്യാമറയിൽ പകർത്തിയിരിക്കുന്നതും. സുശിൻ ശ്യാമിൻ്റെ സംഗീതവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും ഒക്കെ ചിത്രത്തിൻ്റെയും കഥാപാത്രങ്ങളുടെയും ഒക്കെ വൈകാരികത പ്രേക്ഷകരിലേക്കും ഒട്ടും ചോരാതെ എത്തിക്കുന്നുണ്ട്.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാൽ മഞ്ഞുമ്മൽ ബോയ്സ് മുഴുവൻ ടീമും മിന്നി തിളങ്ങി എന്ന് തന്നെ പറയാം. അവരുടെ പരസ്പരമുള്ള സൗഹൃദവും കരുതലും സ്നേഹവും വൈകാരികമായ ബന്ധവും ഒക്കെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിയുന്നത് താരങ്ങളുടെ പ്രകടന മികവ് കൊണ്ട് കൂടിയാണ്. ഇമോഷൻസ് അത്രത്തോളം വഹിക്കേണ്ട കഥാപാത്രങ്ങളിൽ എത്തിയ അഭിനേതാക്കൾ എല്ലാവരും തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ചു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, ​ഗണപതി, ബാലു വർ​ഗീസ്, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ചന്തു സലിംകുമാർ, ജോർജ് മാരിയാൻ എന്നിവർ ആയിരുന്നു താരനിരയിൽ അണിനിരന്നത്.

മഞ്ഞുമ്മൽ ബോയ്സ് ഒരു വെൽ ക്രാഫ്റ്റ്ഡ് ചിത്രമാണ്. അതിജീവനവും രക്ഷാപ്രവർത്തനവും നൽകുന്നതിൻ്റെ ആകാംക്ഷയ്ക്ക് ഒപ്പം ചിത്രം വൈകാരികമായി കൂടി പ്രേക്ഷകരെ സംബന്ധിപ്പിക്കുമ്പോൾ വിജയിക്കുകയാണ്. അതിനു ഒപ്പം സാങ്കേതികത കൊണ്ടും അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും കൂടി മികവ് കാട്ടിയപ്പോൾ മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്.

Summary: Manjummel Boys Review

വമ്പൻ തുകയ്ക്ക് ‘അന്വേഷിപ്പൻ കണ്ടെത്തും’ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്…

“99 രൂപക്ക് അന്വേഷിപ്പിൻ കണ്ടെത്തും”; സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ..