“99 രൂപക്ക് അന്വേഷിപ്പിൻ കണ്ടെത്തും”; സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ..

എല്ലാ മാസവും സിനിമാ ഡേ ആയി ഒരു ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ മൾട്ടിപ്ലെക്‌സ് ചെയിനുകളിൽ ഒരു ദിവസം 99 രൂപ ടിക്കറ്റ് നിരക്കിൽ ചിത്രങ്ങൾ കാണാം എന്ന സമ്പ്രദായം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഫെബ്രുവരി 23 ന് ഈ മാസത്തെ സിനിമാ ദിവസം ആചരിക്കുമ്പോൾ, വെറും 99 രൂപ ടിക്കറ്റ് നിരക്കിൽ, ഇപ്പോൾ സൂപ്പർ ഹിറ്റായി പ്രദർശിപ്പിക്കുന്ന ടോവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും കാണാനുള്ള സുവർണ്ണാവസരമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കേരളത്തിലുള്ള ദേശീയ മൾട്ടിപ്ലെക്‌സ് ചെയിനുകളായ പിവിആർ, ഇനോക്‌സ്, സിനിപോളിസ് എന്നിവയുടെ സ്ക്രീനുകളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.
കൊച്ചി ഇടപ്പള്ളിയിൽ ഉള്ള പിവിആർ സ്ക്രീനുകൾ, കൊച്ചിയിലെ തന്നെ സിനിപോളിസ് സ്ക്രീനുകൾ, തിരുവനന്തപുരം പിവിആർ സ്ക്രീനുകൾ, തൃശ്ശൂർ ഇനോക്‌സ് സ്ക്രീനുകൾ, തിരുവനന്തപുരം പിവിആർ കൃപ സ്ക്രീൻ എന്നിവിടങ്ങളിലാണ് ഇന്ന് വെറും 99 രൂപ മുടക്കി അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ സാധിക്കുന്നത്. ഫെബ്രുവരി 9 ന് റിലീസ് ചെയ്ത ഈ ചിത്രത്തിന്, ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരും നിരൂപകരും വലിയ കയ്യടിയാണ് നൽകുന്നത്. ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം തിരക്കഥ രചിച്ച ഈ ചിത്രം, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവരും, സാരെഗാമാ, യോഡ്ലീ എന്നിവയുടെ ബാനറിൽ വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Summary: Anweshippin Kandethum 99Rs Ticket