കൂടുതൽ ദൃശ്യമികവിൽ ക്ലാസിക് ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ‘മണിച്ചിത്രത്താഴ്’ റീ റിലീസിന് ; ട്രെയിലർ
റീ റിലീസ് ചെയ്തു വമ്പൻ വിജയമായ സ്ഫടികം, ദേവദൂതൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു ക്ലാസിക് മോഹൻലാൽ ചിത്രം കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വിനോദ ചിത്രമെന്ന് സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്ന ഫാസിൽ ചിത്രം മണിച്ചിത്രത്താഴാണ്, ഈ വരുന്ന ഓഗസ്റ്റ് പതിനേഴിന് വീണ്ടും തീയേറ്ററുകളിലെത്തുന്നത്. അതിന് മുന്നോടിയായി മണിച്ചിത്രത്താഴിന്റെ നൂതനമായ പതിപ്പിന്റെ ട്രെയിലർ മാറ്റിനി നൗ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ട്രെയിലർ പുറത്ത് വിട്ടത്. 1993 -ഇൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ്. മോഹൻലാൽ- പ്രിയദർശൻ ചിത്രം കിലുക്കത്തിന്റെ റെക്കോർഡ് തകർത്താണ് മണിച്ചിത്രത്താഴ് മലയാളത്തിലെ സർവകാല ഗ്രോസ്സറായി അന്ന് മാറിയത്. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം രചിച്ചത് മധു മുട്ടമാണ്. പ്രിയദർശൻ, സിദ്ദിഖ്- ലാൽ ടീം, സിബി മലയിൽ എന്നിവരും സംവിധാന സഹായികളായി ജോലി ചെയ്ത ഈ ചിത്രത്തിലെ പ്രകടനത്തിന് ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും നേടിയെടുത്തിരുന്നു.
ഈ ചിത്രത്തിന്റെ ഫോർ കെയിൽ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ റീ റിലീസ് ചെയ്യാൻ പോകുന്നത്. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്യുന്നതിന് പുറകിൽ പ്രവർത്തിക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കൂടാതെ തിലകൻ, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ്, കെ പി എ സി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നത്. എം ജി രാധാകൃഷ്ണൻ ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ജോൺസൻ മാസ്റ്ററാണ്. വേണു, ആനന്ദക്കുട്ടൻ, സണ്ണി ജോസഫ് എന്നിവർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ടി ആർ ശേഖറാണ്. കേരളത്തിൽ മുന്നൂറ് ദിവസത്തിലധികം എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം തമിഴ്, ബംഗാളി, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.