കൊച്ചുണ്ണിയും മാമാങ്കവുമായി മോഹൻലാലും മമ്മൂട്ടിയും ഫെബ്രുവരി 12 മുതൽ മംഗലാപുരത്ത്
മലയാള സിനിമയുടെ മെഗാതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഈ വരുന്ന ഫെബ്രുവരി 12 മുതൽ ഒരേ സ്ഥലത്ത് ആയിരിക്കും തങ്ങളുടെ ചിത്രങ്ങളുമായി ഉണ്ടാവുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ നിർണ്ണായകമായ അതിഥി വേഷം ചെയ്യാൻ മോഹൻലാലും, അതുപോലെ സജീവ് പിള്ള ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൽ അഭിനയിക്കാൻ മമ്മൂട്ടിയും ഒരേ ദിവസം മംഗലാപുരത്ത് എത്തിച്ചേരും. ഇരുവരും താമസിക്കാൻ പോകുന്നതും ഒരേ ഹോട്ടലിൽ ആണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുക. യുവ താരം നിവിൻ പോളി ആണ് ഈ ചിത്രത്തിൽ കൊച്ചുണ്ണി ആയി അഭിനയിക്കുന്നത് . ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ഓണത്തിനാണ് കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിൽ എത്തുക.
സജീവ് പിള്ള ഒരുക്കാൻ പോകുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. ഏകദേശം മുപ്പത് കോടിയോളം രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് വിവരം ലഭിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നീരജ് മാധവ്, ക്വീൻ ചിത്രത്തിലെ നായകൻ ധ്രുവൻ, തമിഴ് നടൻ ശരത് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ് എന്നാണ് സൂചന. വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത ആക്ഷൻ സംവിധായകനായ കെച്ചയാണ്. ജിം ഗണേഷ് കാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം ജയചന്ദ്രൻ ആണ്. അനു വിഷ്ണുവർദ്ധൻ ആണ് ഈ ചിത്രത്തിന്റെ വേഷവിധാനം ഒരുക്കുന്നത്. പത്ത് ദിവസം മാത്രമാണ് ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. അതിന് ശേഷം മെയ് മാസത്തിലാണ് മാമാങ്കം ചിത്രീകരണം പുനരാരംഭിക്കുക.