‘വർമ്മൻ’ ഇനി മമ്മൂട്ടിയ്ക്ക് ഒപ്പം; മമ്മൂട്ടി കമ്പനിയുടെ ഏഴാം ചിത്രം ആരംഭിച്ചു
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നാഗര്കോവിലിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ രചിച്ച് ശ്രദ്ധ നേടിയ ആളാണ് ജിതിൻ.
ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഏഴാം ചിത്രമാണ്. രജിനികാന്ത് ചിത്രം ജയിലറിൽ വർമ്മൻ ആയി തിളങ്ങിയ വിനായകൻ, മമ്മൂട്ടിക്കൊപ്പം ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഇതിൽ നെഗറ്റീവ് കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.
ഒക്ടോബർ ആദ്യ വാരം മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് സൂചന.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.