കോട്ടയം കുഞ്ഞച്ചന് പകരം മമ്മൂട്ടിയുടെ മെഗാ മാസ്സ് അച്ചായൻ കഥാപാത്രം അവതരിക്കും
കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനി ഫ്രൈഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ആട് 2വിന് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം ഇതായിരിക്കും എന്നായിരുന്നു പ്രഖ്യാപനം. തുടർന്ന് കോട്ടയം കുഞ്ഞച്ചൻ ആദ്യ ഭാഗം ഒരുക്കിയ അണിയറപ്രവർത്തകർ എതിർപ്പും ആയി വരുകയും വിവാദം ആകുകയും ചെയ്തു. എന്നാൽ ഫ്രൈഡേ ഫിലിം ഹൗസ് മിഥുൻ മാനുവൽ – മമ്മൂട്ടി ചിത്രവുമായി മുന്നോട്ടു പോകും എന്ന് തന്നെ ആണ് വിജയ് ബാബു സൂചിപ്പിക്കുന്നത്.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ആയല്ല ഈ ചിത്രം ആലോചിച്ചത്. എന്നാൽ എഴുതി വന്നപ്പോൾ കുഞ്ഞച്ചനുമായി സാമ്യം വരുകയും അതിനാൽ ആണ് അതിന്റെ രണ്ടാം ഭാഗം ആക്കിയാലോ എന്ന ചിന്ത ഉണ്ടായത്. ഇതാണ് നിർമ്മാതാവ് വിജയ് ബാബു പറയുന്നത്. കോട്ടയം കുഞ്ഞച്ചൻ ഇല്ലെങ്കിലും തീർച്ചയായും ഈ സിനിമ ചെയ്യും എന്നും വിജയ് ബാബു വ്യക്തമാക്കി. എന്തുവന്നാലും ഈ മമ്മൂട്ടി ചിത്രവുമായി മുന്നോട്ടു പോകും എന്ന് സംവിധായകൻ മിഥുൻ മാനുവലും പറയുന്നു. മമ്മൂട്ടിയോടൊപ്പം ചിത്രം ചെയ്യുന്നതിന്റെ ആവേശം തന്റെ ഫേസ്ബുക് പേജിൽ മിഥുൻ പങ്കുവെച്ചിരുന്നു.
എന്തായാലും മറ്റൊരു മെഗാ മാസ്സ് അച്ചായൻ കഥാപാത്രമായി മമ്മൂട്ടി എത്തും എന്ന് ഉറപ്പായിരിക്കുക ആണ്. മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ച ചിത്രം ആയിരുന്നു കോട്ടയം കുഞ്ഞച്ചൻ എന്ന പ്രത്യേകതയും ഉണ്ട്. ഷാജി പാപ്പാൻ പോലെ പ്രേക്ഷകരെ കയ്യിലെടുക്കാൻ അറിയാവുന്ന ആട് ടീം മമ്മൂട്ടിയ്ക്ക് മറ്റൊരു കിടിലൻ അച്ചായൻ വേഷം തന്നെ ഒരുക്കും എന്ന പ്രതീക്ഷയിൽ ആണ് സിനിമാ ലോകം.
ആദ്യ ഭാഗത്തിന്റെ നിർമ്മാതാവ് എതിർപ്പുമായി വന്നതാണ് വിവാദത്തിന് തുടക്കം ആയത്. താൻ നിർമ്മിച്ച കോട്ടയം കുഞ്ഞച്ചന്റെ പൂർണ അവകാശവും തനിക്ക് തന്നെ ആണെന്നും അതിന്റെ തുടർഭാഗം ഒരുക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ സംവിധായകൻ സുരേഷ് ബാബുവും ഇത് തന്നെ ആണ് പറയുന്നത്.