സൂപ്പർഹീറോ ആയി ഭീഷ്മയിലെ മൈക്കിൾ, വില്ലനായി ഷമ്മിയും; ആനിമേഷൻ വീഡിയോ…
മമ്മൂട്ടി അവിസ്മരണീയമാക്കിയ ജനപ്രിയമായ കഥാപാത്രങ്ങൾ ആണ് സിബിഐ സീരീസിലെ സേതുരാമയ്യരും ഭീഷ്മ പർവ്വത്തിലെ മൈക്കിളും. അതേ പോലെ, മറ്റൊരു ജനപ്രിയ കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി. ഒരു സൂപ്പർഹീറോ ആനിമേഷൻ ചിത്രത്തിൽ ഹീറോയും വില്ലനുമായി ഈ കഥാപാത്രങ്ങൾ എത്തിയാലോ. അത് സാധ്യമാക്കിയിരിക്കുക ആണ് ഒരു ആരാധകൻ.
‘ഭീഷ്-മാൻ’ എന്ന ടൈറ്റിൽ നൽകി ഒരു ആനിമേഷൻ വീഡിയോ തയ്യാറാക്കിയിരിക്കുക ആണ് നിധീപ് വർഗീസ്. സേതുരാമയ്യർ സിബിഐ ആയി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി നിയമത്തിന് നിയന്ത്രിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ സ്വയം നിയമം നടപ്പിലാക്കാൻ സൂപ്പർഹീറോ ‘ഭീഷ്-മാൻ’ ആയി എത്തുന്നു. ഡിസി സൂപ്പർഹീറോ ബാറ്റ്മാനെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ ആണ് ഭീഷ്-മാൻ എത്തുന്നത്. വീഡിയോ കാണാം:
ഭീഷ്മ മാന്റെ വില്ലനായി എത്തുന്നത് മറ്റൊരു ഡിസി സൂപ്പവില്ലനായ ജോക്കർ ആണ്. ഫഹദിന്റെ ഷമ്മിയെ ആണ് ഇത്തരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഷമ്മി ഹീറോ ആടാ’ എന്ന ഡയലോഗ് പറഞ്ഞു കൊണ്ട് ജോക്കറായ ഷമ്മിയും ‘ചാമ്പിക്കോ’ എന്ന് പറഞ്ഞു ഭീഷ്-മാനും ഏറ്റുമുട്ടുന്ന കാഴ്ചയാണ് പിന്നീട് ആനിമേഷഷനിൽ കാണാൻ കഴിയുന്നത്. ട്രെയിലർ എന്ന് ടൈറ്റിൽ നൽകി ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം പുറകെ വരും എന്ന പ്രതീക്ഷ ആണ് അനിമേഷൻ വീഡിയോ കണ്ട ആരാധകർ കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നത്.
ഇത് ആദ്യമായല്ല നിധീപ് വർഗീസ് ആനിമേഷൻ വീഡിയോകൾ പുറത്തിറക്കുന്നത്. മോഹൻലാൽ – ശ്രീനിവാസൻ കൂട്ടകെട്ടിന്റെ പ്രശസ്തമായ ദാസൻ – വിജയൻ കഥാപത്രങ്ങളെ ബീസ്റ്റിലെ അറബിക് കുത്ത് സോങ്ങിൽ അവതരിപ്പിച്ച ഒരു ആനിമേഷൻ വീഡിയോ ഉൾപ്പെടെ നിരവധി വീഡിയോകൾ നിധീപ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.