മേ ഹൂം മൂസ: സുരേഷ് ഗോപി-ജിബു ജേക്കബ് ടീമിന്റെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു…

തുടരെ തുടരെ ചിത്രങ്ങളുമായി സജീവമാകാൻ ഒരുങ്ങുക ആണ് മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. താരത്തിന്റെ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുക ആണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ പുതിയതായി പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രം.
‘മേ ഹൂം മൂസ’ എന്ന ടൈറ്റിൽ ആണ് നൽകിയിരിക്കുന്നത്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രമൊരു ബിഗ് ബജറ്റ് ചിത്രമാണ്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു ഒരു വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
#JibuJacob joining me for my 253rd venture titled 'Mei Hoom Moosa.' Here's sharing the first glimpse. We are done with a North Indian schedule and beginning shoot in Kerala from today.#MeiHoomMoosa #SG253 pic.twitter.com/kmschJSNd8
— Suresh Gopi (@TheSureshGopi) April 21, 2022
പാൻ ഇന്ത്യൻ ചിത്രമായി ആണ് ‘മേ ഹൂം മൂസ’ ഒരുങ്ങുന്നത്. നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വാഗ ബോർഡറിലും ഒക്കെ ചിത്രീകരണം ഉണ്ടാകും. ഉത്തരേന്ത്യയിലെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ കേരളത്തിലെ ചിത്രീകരണം കൊടുങ്ങൂരിൽ ആരംഭിച്ചു കഴിഞ്ഞു. 1998 മുതൽ 2018 വരെ പല കാലഘട്ടത്തിൽ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. യഥാർത്ഥ സംഭവങ്ങളും ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് റുബീഷ് റെയ്‌ൻ ആണ്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ശ്രീനാഥ് ശിവശങ്കരൻ ആണ്.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ എന്നീ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപിയുടെ 253 ആം ചിത്രമായി ആണ് ഈ മേ ഹൂം മൂസ ഒരുങ്ങുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്.