in

“വെറുതെ ഒരു സിനിമ പോര, ലോക സിനിമ ഓർത്തുവെക്കണം”; ‘മലൈക്കോട്ടൈ വാലിബൻ’ 18ന് ആരംഭിക്കും…

“വെറുതെ ഒരു സിനിമ പോര, ലോക സിനിമ ഓർത്തുവെക്കണം”; ‘മലൈക്കോട്ടൈ വാലിബൻ’ 18ന് ആരംഭിക്കും…

മലയാള സിനിമയിലെ ഏറ്റവും വലിയ ഹൈപ്പിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ മലൈക്കോടൈ വാലിബൻ എന്ന ചിത്രം. ജനുവരി 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്ന് ഔദ്യോഗികമായി ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുക ആണ്.

സോഷ്യൽ മീഡിയ പോസ്റ്റിന് ഒപ്പം ഒരു ചെറിയ വീഡിയോയും ഷിബു ബേബി ഷെയർ ചെയ്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളുടെ ടൈറ്റിലുകളും മോഹൻലാലിന്റെ ചില അഭിനയ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയ വീഡിയോ രാജസ്ഥാൻ മരുഭൂമിയുടെ ദൃശ്യങ്ങൾ കാട്ടിയാണ് ഷൂട്ടിംഗ് തുടങ്ങുന്ന തീയതി വെളിപ്പെടുത്തിയത്.

മനസ് നിറഞ്ഞ സന്തോഷത്തോടെ ആണ് പുതിയ തുടക്കം കുറിക്കുന്നത് എന്ന വാചകങ്ങളോടെ ആണ് ഷിബു ബേബി ജോണിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്. മോഹൻലാൽ എന്ന അതുല്യ നടനോടുള്ള ആരാധനയുടെയും ആരാധന സൗഹൃദമായതിന്റെയും ഇഴചേർന്ന കഥകളാണ് തന്നിലെ നിർമ്മാതാവിനെ സൃഷിച്ചത് എന്ന് ഷിബു കുറിക്കുന്നു. മോഹൻലാൽ എന്നും തനിക്കൊരു അത്ഭുതമാണെന്ന് ഷിബു പറയുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിക്കുന്നത് ഇങ്ങനെ:

“ഏത് കഥാപാത്രത്തെയും അനായാസതയോടെ അവതരിപ്പിക്കുന്ന പ്രതിഭാസം. ഒരു ആരാധക കൗതുകത്തിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദ യാത്ര ഇന്ന് “മലൈക്കോട്ടൈ വാലിബനിൽ” എത്തിനിൽക്കുന്നു.വെറുതെ ഒരു സിനിമ ചെയ്താൽ പോരാ,അത് ലോക സിനിമ എന്നും ഓർത്തു വെക്കണമെന്നും മോഹൻലാൽ എന്ന നടനെ നൂറു ശതമാനവും ഉപയോഗപ്പെടുത്തണമെന്നും ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു.”

“കാലത്തിന്റെ കാവ്യനീതിയിൽ ഇതായിരിക്കാം ഏറ്റവും നല്ല സമയം. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഞങ്ങളുടെ ആദ്യ സംരംഭം പുറത്തു വരുന്നു,എന്നതും ഏറെ സന്തോഷമുണ്ടാക്കുന്നു. ജനുവരി 18 ന് “മലൈക്കോട്ടൈ വാലിബന്റെ” ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കുകയാണ്. ഇതുവരെ എന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നിങ്ങൾ തന്ന സ്നേഹവും വിശ്വാസവും ഇനിയങ്ങോട്ടും, ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.”

ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ബാനറിൽ ആണ് ഷിബു ബേബി ജോൺ ചിത്രം നിർമ്മിക്കുന്നത്. മാക്സ് ലാബ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ചുറി ഫിലിംസ് എന്നിവർ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. പി എസ് റഫീഖ് ആണ് ഈ മോഹൻലാൽ – ലിജോ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി സംവിധായകനും ലിജോയുടെ ശിഷ്യനുമായ ടിനു പാപ്പച്ചനും പ്രവർത്തിക്കുന്നുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് റീമേക്കിൽ അക്ഷയും ഇമ്രാനും; ‘സെൽഫി’ മോഷൻ പോസ്റ്റർ…

“തീവ്രമായ വയലൻസ് രംഗങ്ങൾ”; സണ്ണി ലിയോൺ – പ്രിയാമണി ചിത്രം ‘ക്വട്ടേഷൻ ഗ്യാങ്’ ടീസർ…