മോഹൻലാലിനൊപ്പം ആറാംതമ്പുരാൻ സ്റ്റൈലിൽ ഒരു ചിത്രം ചെയ്യും എന്ന് മേജർ രവി!
മാധ്യമങ്ങളിൽ കൂടെ മുൻകൂട്ടി ഒരു സൂചനയും നൽകാതെ നേരിട്ട് ഫേസ്ബുക് ലൈവിൽ വന്ന് സംവിധായകൻ മേജർ രവി ഒരു സർപ്രൈസ് പ്രൊജക്റ്റിന്റെ വിവരങ്ങൾ പങ്കുവെച്ചിരിക്കുക ആണ്. മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ പോകുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക് ലൈവിൽ പറഞ്ഞത്.
പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ ഒരു പട്ടാള ചിത്രമല്ല ഇത്. മേജർ രവി തന്നെ ഇക്കാര്യം വ്യക്തമാക്കി. ഒരു നാടൻ ചിത്രം ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഒന്ന് രണ്ടു കഥകൾ പരിഗണയിൽ ഉണ്ടെന്നും ഒന്ന് മറ്റൊരാൾ ഒരുക്കുന്ന കഥയും പിന്നെ സ്വന്തമായി ഒരുക്കുന്ന കഥയുമാണ് എന്ന് മേജർ രവി പറഞ്ഞു. ആറാംതമ്പുരാൻ സ്റ്റൈലും അതിന്റെ കിക്കും ഒക്കെ ഇപ്പോളും ജനങ്ങളുടെ മനസ്സിൽ ഉണ്ട്, അത് പോലെ ഒരു കഥ ഉണ്ടാക്കാൻ ആണ് ശ്രമം എന്ന് അദ്ദേഹം പറയുന്നു.
കൂടാതെ പ്രിയദര്‍ശന്‍ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലും മേജർ രവി ഭാഗം ആകുന്നു. സംവിധായകൻ പ്രിയദർശനെ അസ്സിസ്റ്റ് ചെയ്യാനാണ് മേജർ രവി എത്തുന്നത്. ഇത് തന്‍റെ ഗുരുവായ പ്രിയദർശനുള്ള ഗുരു ദക്ഷിണ ആണെന്നും മേജർ രവി പറയുന്നു. അടുത്ത ചിത്രം നിവിൻ പോളിയ്ക്ക് ഒപ്പം ആണെന്നും ഇതിന്‍റെ തിരക്കഥ ബെന്നി പി നായരമ്പലം പൂർത്തിയാക്കി വരുന്നു എന്ന് മേജർ രവി അറിയിച്ചു. കായംകുളം കൊച്ചുണ്ണി പൂർത്തിയായതിന് ശേഷം നിവിൻ പൊളി ഈ ചിത്രം തുടങ്ങും.
മോഹൻലാലിനൊപ്പം മേജർ രവി അവസാനായി ഒന്നിച്ചത് 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിന് വേണ്ടി ആണ്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ എന്നീ ചിത്രങ്ങൾ ആണ് മേജർ രവി സംവിധാനം ചെയ്ത മറ്റു മോഹൻലാൽ ചിത്രങ്ങൾ.